കേരളം
നിര്‍ഭയ ഹോമുകള്‍ പൂട്ടുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതം: മന്ത്രി കെ.കെ ശൈലജ
സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ (വിമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോം) പൂട്ടുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നിര്‍ഭയ ഹോമുകളിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നത്. തൃശൂരില്‍ 200 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന മാതൃകാ ഹോമാണ് തയ്യാറാക്കിയിട്ടുള്ളത്.
നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കുന്ന പഠിക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ക്ക് വേണ്ടി മികച്ച ശാസ്ത്രീയമായ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് തൃശൂരില്‍ പുതിയ മാതൃക ഹോം സ്ഥാപിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ നിര്‍ഭയ ഹോമുകളെല്ലാം എന്‍.ജി.ഒ.കളുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കുട്ടികളും മുതിര്‍ന്നവരും ഒപ്പം 350 ഓളം താമസക്കാരാണ് നിര്‍ഭയ ഹോമുകളിലുള്ളത്.
ഇവരെ ശാസ്ത്രീയമായി മാറ്റി പുനരധിവസിപ്പിക്കുകയാണ് വനിത ശിശുവികസന വകുപ്പ് ലക്ഷ്യമിടുന്നത്. വിദഗ്ധരുടെ നിര്‍ദേശമനുസരിച്ചാണ് 5 കോടി രൂപ മുടക്കി തൃശൂരില്‍ മാതൃക ഹോം ഉണ്ടാക്കിയത്.
ബാലാവകാശ കമ്മീഷനും ഇത്തരമൊരു ഹോം ശുപാര്‍ശ ചെയ്തിട്ടുണ്ട്. 16 വയസിന് മുകളിലുള്ളവരെ തേജോമയ ഹോമിലേക്കാണ് മാറ്റുക. അവര്‍ക്ക് മികച്ച പരിശീലനം നല്‍കി ജീവിക്കാനാവശ്യമായ ചുറ്റുപാടിലെത്തിച്ച് സ്വന്തം കാലില്‍ നിര്‍ത്തും.
വിവിധ ഹോമുകളിലെ നിലവിലെ 350 ഓളം താമസക്കാരില്‍ 200 ഓളം പേരെ തൃശൂരിലേക്കും കുറച്ച് പേരെ തേജോമയ ഹോമിലേക്കും മാറിക്കഴിഞ്ഞാല്‍ മിക്കവാറും ജില്ലകളില്‍ ആളില്ലാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. അവര്‍ നിലവിലുള്ള നിര്‍ഭയ ഹോമുകളില്‍ തുടരും.
ഇതുകൂടാതെ വീടുകളിലേക്ക് തിരിച്ചു പോകുന്ന കുട്ടികള്‍ക്കായി നിര്‍ഭയ മുഖേന സാമൂഹ്യാധിഷ്ഠിത പുനരധിവാസം നിംഹാന്‍സ് തയ്യാറാക്കിയ പ്രോട്ടോകോള്‍ അനുസരിച്ചു ആരംഭിക്കാന്‍ അനുമതി ലഭിച്ചു. അതിന്റെ ആദ്യഘട്ട പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ സാമൂഹ്യാധിഷ്ഠിത പോസ്‌കോ പുനരധിവാസമാണ് ഇതിലൂടെ സാധ്യമാകുന്നത്.