കേരളം
എല്ലാം എസ്ഐ ബോബിയുടെ പണി! ഇപ്പോഴിതാ ഈ ട്രാഫിക് സിഗ്നൽ മറ്റ് ജില്ലകളിലേക്കും
തൃശൂരിൽ പരീക്ഷിച്ച് വിജയിച്ച ‘ബഡി സീബ്ര’ ഇനി മറ്റു ജില്ലകളിലേക്കും. സുരക്ഷിത ഗതാഗതത്തിനായി നായ്ക്കനാലിലെ സിഗ്നലിൽ ട്രയൽ ആരംഭിച്ച ബഡി സീബ്രയാണ് ഇനി മറ്റു ജില്ലകളിലേക്കും സുരക്ഷിത പാത തുറക്കാനൊരുങ്ങുന്നത്. 2023 ജനുവരി 25 ന് ജനുവരി തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ ഐപിഎസ് ഉദ്ഘാടനം ചെയ്ത് സമർപ്പിച്ച ബഡി സീബ്ര എന്ന പുതിയ സാങ്കേതിക വിദ്യയാണ് കാഴ്ച പരിമിതർക്കും കേൾവി പരിമിതർക്കും സുരക്ഷിതമായി റോഡ് മുറിച്ചു കടക്കുന്നതിനായി നായക്കനാലിലെ സിഗ്നലിൽ ട്രയൽ ആരംഭിച്ചത്.
ഇതിനോടകം വിജയകരമായി പൂർത്തിയാക്കിയ ട്രയൽ റണ്ണോടെ ബഡി സീബ്ര തൃശൂർ ജില്ലയിലെ മറ്റു ട്രാഫിക് സിഗ്നലുകളിലേക്കും മാത്രമല്ല, കേരളത്തിലെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ കെ സുദർശൻ നായ്ക്കനാൽ സിഗ്നലിൽ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്റ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ അസിസ്റ്റൻറ് കമ്മീഷണർ സുരേഷ്, ട്രാഫിക് എൻഫോഴ്സ്മെൻറ് സബ് ഇൻസ്പെക്ടർ ന്യൂമാൻ എന്നിവരും സന്നിഹിതനായിരുന്നു. ദേവമാത സ്കൂളിനു ,മുൻവശത്തുള്ള സീബ്രാക്രോസ്സിലും ബഡി സീബ്ര പ്രവർത്തനസജ്ജമായിട്ടുണ്ട്.
തൃശൂർ ട്രാഫിക് എൻഫോഴ്സ്മെൻറ് സബ് ഇൻസ്പെ്കടർ ബോബി ചാണ്ടിയാണ് ബഡി സീബ്രയെന്ന നൂതന ആശയം വിഭാവനം ചെയ്തത്. സ്വയം നിർമ്മിച്ച ഡമ്മി പ്രൊജക്ട് ട്രയൽ റൺ വിജയകരമായിപൂർത്തിയാക്കിയ സന്തോഷത്തോടെ ബോബി ചാണ്ടി ബഡി സീബ്രയുടെ പ്രവർത്തനവും വിശദീകരിച്ചു. കാഴ്ച പരിമിതർക്കും കേൾവി പരിമിതർക്കും സുരക്ഷയോടെ റോഡ് മുറിച്ചുകടക്കാവുന്ന ലളിതമായ സീബ്രാ ക്രോസിങ്ങ് സിസ്റ്റം. കാഴ്ച പരിമിതർക്ക് കേൾവിയിലൂടേയും കേൾവി പരിമതർക്ക് വൈബറേറ്റിങ്ങ് ഡോമിന്‍റെ സ്പർശനത്തിലൂടേയും ഇത് സഹായപ്രദമാകും റെഡ് സിഗ്നൽ സമയത്ത് കാഴ്ച പരിമിതർക്ക് ബഡി സീബ്രയുടെ അടുത്തെത്താൻ ബീപ്പ് ശബ്ദം സഹായിക്കും.
പെഡസ്റ്റൽ ക്രോസിങ്ങ് സിഗ്നൽ സമയങ്ങളിൽ, വൈബറേറ്റിങ്ങ് ഡോം പ്രത്യേക സൌണ്ടോടുകൂടി കറങ്ങുന്നു ഈ ഡോം സ്പർശിച്ചോ സിഗ്നൽ ശബ്ദം ശ്രവിച്ചോ പെഡസ്ട്രിയൽ ക്രോസിങ്ങ് സിഗ്നൽ മനസ്സിലാക്കാവുന്നതാണ്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സിഗ്നൽ പരിഷ്കാരമെന്നാണ് തൃശൂർ പൊലീസ് ഫേസ്ബുക്ക് വീഡിയോയിലൂടെ പറയുന്നത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!