കേരളം
ഇന്ന് അക്ഷയ തൃതീയ: സ്വര്‍ണോത്സവമായി ആഘോഷിക്കാന്‍ സ്വര്‍ണ വ്യാപാരികള്‍
ഇന്ന് അക്ഷയ തൃതീയ, സ്വര്‍ണം വാങ്ങുന്നതിന് ഏറ്റവും മികച്ച ദിനമായി വിശ്വസിക്കപ്പെടുന്ന ഈ ദിനത്തെ വരവേല്‍ക്കാന്‍ സംസ്ഥാനത്തെ സ്വര്‍ണ വിപണി ഒരുങ്ങികഴിഞ്ഞു.ഈ വര്‍ഷത്തെ അക്ഷയതൃതീയ കേരളത്തിലെ സ്വര്‍ണ വ്യാപാരികള്‍ സ്വര്‍ണോത്സവമായി ആഘോഷിക്കാനാണ് തയ്യാറെടുക്കുന്നത്. ജ്യോതിശാസ്ത്ര പ്രകാരം ഈ വര്‍ഷത്തിലെ അക്ഷയതൃതീയ മുഹൃത്തം ഏപ്രില്‍ 22 ന് തുടങ്ങി 23 ന് അവസാനിക്കുന്നതിനാല്‍ 2 ദിവസമായാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്.
ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കേരളത്തിലെ സ്വര്‍ണ വ്യാപാരികള്‍ സ്വര്‍ണോത്സവം ഒരുക്കുന്നത്. സംസ്ഥാനത്തിലെ എല്ലാ സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളും സ്വര്‍ണോല്‍സവത്തില്‍ പങ്കെടുക്കുന്നുണ്ട്.അക്ഷയ തൃതീയ വിപണിയിലേക്ക് പുതിയ സ്റ്റോക്കുകളും ലൈറ്റ് വെയിറ്റ് ആഭരണങ്ങളും എത്തിയിട്ടുണ്ട്. അക്ഷയതൃതീയ ദിനത്തില്‍ 5 ലക്ഷം കുടുംബങ്ങള്‍ കേരളത്തിലെ സ്വര്‍ണാഭരണശാലകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അക്ഷയതൃതീയ സ്വര്‍ണോല്‍സവം വലിയ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ അറിയിച്ചു.
ALSO READ: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു | Gold Price 21-04-2023
ഇത്തവണ വലിയൊരു ആഘോഷമായി അക്ഷയ തൃതീയ മാറും എന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്.
ഭൗതിക സ്വർണത്തിന് പകരം വാങ്ങാൻ കഴിയുന്ന വ്യത്യസ്ത തരം സ്വർണങ്ങളും ഇവിടെയുണ്ട്. ഭൗതിക സ്വർണങ്ങളിൽ ഉപയോഗിക്കുന്ന സ്വർണ്ണം പൂർണമായും 100 ശതമാനം ശുദ്ധമായിരിക്കണമെന്നുമില്ല . അതിനാൽ തന്നെ വിശ്വസ്തതയോടു കൂടി സ്വർണം വാങ്ങാൻ നിരവധി മാർഗങ്ങളാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. നിങ്ങൾ അതൊരു നിക്ഷേപമായി പരിഗണിക്കുകയാണെങ്കിൽ ഭാവിയിൽ നിങ്ങൾക്ക് പ്രയോജനപ്പെടുന്ന നാല് നിക്ഷേപരീതികളെക്കുറിച്ച് മനസിലാക്കാം.
ഡിജിറ്റൽ ഗോൾഡ്: ഇന്ത്യയില്‍ MMTC-PAMP, Augmont, SafeGold തുടങ്ങി നിരവധി സൈറ്റുകൾ ഡിജിറ്റല്‍ സ്വര്‍ണം വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ വാലറ്റുകള്‍, ബ്രോക്കറേജ് കമ്ബനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ പോലുള്ള വെബ്സൈറ്റുകളില്‍ നിന്നും നിങ്ങൾക്ക് സ്വർണ്ണംണം വാങ്ങാം. ഭൗതിക സ്വര്‍ണത്തിന്റെ വിപണി വിലയുടെ അടിസ്ഥാനത്തിൽ തന്നെയാണ് ഇത്തരം നിക്ഷേപത്തിന്റെ വരുമാനം നിര്‍ണയിക്കുന്നത്. കൂടാതെ ഡിജിറ്റല്‍ സ്വര്‍ണം 100% ശുദ്ധവും സുരക്ഷിതമായി സൂക്ഷിക്കാവുന്നതും പൂര്‍ണമായും ഇൻഷുറൻസ് പരിരക്ഷയുള്ളതുമാണ്. അതോടൊപ്പം ഇത്തരം കമ്പനിയിൽ അഞ്ചുവർഷത്തേക്ക് നിക്ഷേപം നടത്തുന്നതിനാൽ ബാങ്കുകളിൽ സ്റ്റോറേജ് ഫീസ് നമുക്ക് ഒഴിവാക്കാനും സാധിക്കും.
ഗോൾഡ് ഇടിഎഫുകള്‍: ഭൗതിക സ്വര്‍ണത്തിന് പകരമായി നിക്ഷേപിക്കാന്‍ തിരഞ്ഞെടുക്കാവുന്ന സ്വര്‍ണ നിക്ഷേപ മാർഗങ്ങളിൽ ഒന്നാണ് ഗോൾഡ് ഇടിഎഫുകള്‍ അഥവാ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍. ഒരു ഗോള്‍ഡ് ഇടിഎഫ് യൂണിറ്റ് എന്നു പറയുന്നത് ഒരു ഗ്രാം സ്വര്‍ണമാണ്. ഗോൾഡ് ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നത് വളരെ സുരക്ഷിതവും അതേസമയം കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയവുമാണ്, കാരണം അവ സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ ലിസ്റ്റ് ചെയ്യുകയും ട്രേഡ് ചെയ്യുകയും ചെയ്യുന്നുണ്ട് . സ്വര്‍ണം ഇലക്ട്രോണിക് രൂപത്തില്‍ വാങ്ങുന്നതിനെയാണ് ഗോള്‍ഡ് ഇടിഎഫ് വാങ്ങുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഓഹരി വ്യാപാരം നടത്തുന്നതുപോലെ ഗോള്‍ഡ് ഇടിഎഫുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. വിപണിയില്‍ സ്വര്‍ണ വിലയുമായി ബന്ധപ്പെട്ട ചാഞ്ചാട്ടങ്ങള്‍ ഇടിഎഫിനെ ബാധിക്കുമെന്നതിനാൽ അത് ശ്രദ്ധിക്കേണ്ടതാണ്.
ഗോൾഡ് മ്യൂച്ചൽ ഫണ്ട്: ഫിസിക്കല്‍ ഗോള്‍ഡില്‍ നേരിട്ടോ അല്ലാതെയോ നിക്ഷേപിക്കുന്ന മ്യൂച്ചൽ ഫണ്ടുകളാണ് ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകൾ. അടിസ്ഥാന സ്വത്ത് ഭൗതിക സ്വര്‍ണത്തിന്റെ രൂപത്തില്‍ സൂക്ഷിച്ചിരിക്കുന്നതിനാൽ അതിന്റെ മൂല്യം സ്വര്‍ണത്തിന്റെ വിലയെ ആശ്രയിച്ചാണ് നിലനിൽക്കുക . മറ്റെല്ലാ മ്യൂച്വല്‍ ഫണ്ടുകളും പോലെ ഇതും പ്രവര്‍ത്തിക്കുന്നു.
സോവറിൻ ഗോൾഡ് ബോണ്ടുകൾ: സുരക്ഷിതമായ ഒരു നിക്ഷേപ മാർഗമാണ് ഇത്. കേന്ദ്ര സര്‍ക്കാറിനായി റിസര്‍വ് ബാങ്കാണ് ഇവ പുറത്തിറക്കുന്നത്. സോവറിൻ ഗോൾഡ് ബോണ്ടുകൾക്ക് പ്രതിവര്‍ഷം 2.5% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ ബോണ്ടുകൾക്ക് എട്ട് വർഷത്തെ കാലാവധിയുണ്ട്. അതോടൊപ്പം അഞ്ചുവർഷത്തിനുശേഷം ഇത് പിൻവലിക്കാനുള്ള ഓപ്ഷനുമുണ്ട്. അവ ലോൺ ഈടായും ഉപയോഗിക്കാം. എട്ടു വർഷങ്ങൾക്കുശേഷമാണ് പിൻവലിക്കുന്നതെങ്കിൽ നികുതി നൽകേണ്ടതില്ല.