കേരളം
ഐശ്വര്യയുടെ മരണകാരണം അമിത രക്തസ്രാവം; പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി
പാലക്കാട്ടെ തങ്കം ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ച ഐശ്വര്യയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. അമിത രക്തസ്രാവമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാലെ വ്യക്തത വരികയുള്ളുവെന്ന് പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസ് പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ചാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് മരിച്ചത്. ഇന്നലെ ഐശ്വര്യയുടെ കുഞ്ഞ് മരിച്ചിരുന്നു.
കുഞ്ഞ് മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഐശ്വര്യയും മരിച്ചത്. ഒരാഴ്ച മുന്‍പാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഖ പ്രസവമായിരിക്കുമെന്നാണ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. പിന്നീട് സ്കാനിങ്ങില്‍ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് സിസേറിയന് വഴി കുഞ്ഞിനെ പുറത്തെടുത്തതായി അധികൃതര്‍ അറിയിച്ചു.
സിസേറിയാന്‍ ആണെന്നകാര്യം അധികൃതര്‍ വീട്ടുകാരില്‍ നിന്ന് മറച്ചുവെക്കുകയും ചെയ്തു. പിന്നീട് യുവതിക്ക് ബ്ലീഡിങ്ങ് നില്‍ക്കുന്നില്ലെന്നും കുഞ്ഞ് മരിച്ചെന്നും ഡോക്ടര്‍ അറിയിക്കുകയായിരുന്നെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് കുട്ടിമരിച്ചത് ചികിത്സാ പിഴവാണെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് പരാതി നല്കി. വെന്റിലേറ്ററിലായിരുന്ന യുവതി ഇന്ന് പത്തുമണിയോടെ മരിക്കുകയായിരുന്നു.
തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയില്‍ പ്രതിഷേധവുമായി രംഗത്തെത്തി. കൈയബദ്ധം പറ്റിയതായി ഡോക്ടര്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. കുഞ്ഞിനെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ ആശുപത്രി അധികൃതര്‍ മറവു ചെയ്യുകയും ചെയ്തിരുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുമെന്ന പൊലീസിന്റെ ഉറപ്പിലാണ് ആശുപത്രിയില്‍ നിന്ന് ഇന്നലെ ബന്ധുക്കള്‍ പിരിഞ്ഞുപോയത്.