കേരളം
തമിഴകം കലുഷിതമാകുന്നു; ഏറ്റുമുട്ടി ഇപിഎസ്, ഒപിഎസ് അണികള്‍
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ, എഐഎഡിഎംകെ ആസ്ഥാനം സീല്‍ ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍. പനീര്‍ശെല്‍വം. പളനിസ്വാമി പക്ഷങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി ഓഫീസ് തമിഴനാട് സര്‍ക്കാര്‍ സീല്‍ ചെയ്തത്. ഇന്നു ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താന്‍ എഐഎഡിഎംകെ തീരുമാനിച്ചത്.
യോഗം ബഹിഷ്കരിച്ച പനീര്‍ശെല്‍വം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി. ഇതിന് പിന്നാലെ. പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ ഇരുപക്ഷവും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടാണ് എഐഎഡിഎംകെ ആസ്ഥാനംായ ‘എംജി ആര് മാളികൈ’ പൂട്ടിയതെന്ന് റന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാര്‍ട്ടി ഓഫീസിനുള്ളില്‍ ഉണ്ടായിരുന്ന എല്ലാവരെയും പൊലീസ് ഒഴിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
പനീര്‍ശെല്‍വം പക്ഷക്കാര്‍ സംഘടിച്ചെത്തി ഓഫീസിന് നേര്‍ക്ക് ആക്രമണം ആരംഭിക്കുകയായിരുന്നു. ഇവരെ നേരിടാനായി പളനിസ്വാമി പക്ഷക്കാരും രംഗത്തെത്തി. ഇതോടെ സംഘര്‍ഷമായി. പാര്‍ട്ടി ഓഫീസിന് സംരക്ഷണം ഒരുക്കണം എന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരുന്നെന്നും അക്രമ സംഭവങ്ങള്‍ക്ക് കാരണം പനീര്‍ ശെല്‍വവും അദ്ദേഹത്തിന്റെ അനുയായികളുമാണെന്നും എഐഎഡിഎംകെ നേതാവ് ഡി ജയകുമാര്‍ ആരോപിച്ചു.
കൗണ്‍സില്‍ യോഗത്തില്‍ മുതിര്‍ന്ന നേതാവ് നത്തം ആര് വിശ്വനാഥന് കൊണ്ടുവന്ന പ്രമേയത്തിലൂടെയാണ് പനീര്‍ശെല്‍വത്തെയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളെയും നീക്കിയത്. വലിയ കരഘോഷത്തോടെയാണ് ജനറല്‍ കൗണ്‍സില്‍ പ്രമേയം അംഗീകരിച്ചത്. പനീര്‍ശെല്‍വം ഭരണകക്ഷിയായ ഡിഎംകെയ്ക്കൊപ്പം നില്‍ക്കുന്നുവെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതായും പ്രമേയത്തില്‍ പറയുന്നു. പാര്‍ട്ടി താല്പര്യങ്ങള്ക്കും ലക്ഷ്യത്തിനും വിരുദ്ധമായാണ് ഒപിഎസ് പ്രവര്‍ത്തിക്കുന്നത്. പളനിസ്വാമിയുമായി ചേര്‍ന്ന് ജൂണ്‍ 23ന് വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ നിര്‍ത്തിവയ്ക്കാന്‍ പൊലീസിനെ സമീപിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചു.