കേരളം
പതിമൂന്നാം നമ്പര്‍ കാറിന് ഒടുവില്‍ അവകാശിയായി; ചോദിച്ച് വാങ്ങി കൃഷി മന്ത്രി പി പ്രസാദ്
ആരും ഏറ്റുവാങ്ങാതിരുന്ന പതിമൂന്നാം നമ്പര്‍ കാര്‍ ചോദിച്ചുവാങ്ങി കൃഷി മന്ത്രി പി പ്രസാദ്. അങ്ങനെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തോമസ് ഐസക്ക് ഉപയോഗിച്ച പതിമൂന്നാം നമ്പര്‍ കാറിന് പുതിയ അവകാശിയായി. ഇന്നലെ മന്ത്രിമാര്‍ക്ക് കാറുകള്‍ അനുവദിച്ചപ്പോള്‍ ആരും പതിമൂന്നാം നമ്ബര്‍ കാര്‍ എടുത്തിരുന്നില്ല.
ഇക്കുറി ഗതാഗത മന്ത്രി ആന്റണി രാജുവിനാണ് ഐസക്ക് താമസിച്ചിരുന്ന മന്മോഹന് ബംഗ്ലാവ് നല്‍കിയിരിക്കുന്നത്. വിഎസ് അച്യുതാനന്ദന് സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയും, ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കുമാണ് ഇതിന് മുൻപ് 13-ാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങിയ മന്ത്രിമാര്‍.
ഒന്നാം പിണറായി സര്‍ക്കാരിന്റെ സമയത്ത് തുടക്കത്തില്‍ ആരും ഈ കാര്‍ എടുക്കാന്‍ തയ്യാറായിരുന്നില്ല. ഇത് വാര്‍ത്തായപ്പോഴാണ് ഐസക്ക് നമ്പര്‍ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നത്.അന്ന് ഐസക്കിനൊപ്പം വി എസ് സുനില്‍കുമാറും കെ ടി ജലീലും കാറേറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ബേബിക്കും ഐസക്കിനും ഇടയില്‍ വന്ന യുഡിഎഫ് സര്‍ക്കാരിന്റെ സമയത്തും ആരും കാര്‍ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല.
രാഷ്ട്രീയ ഗുരുവായ മാണിസാര്‍ മന്ത്രിയായിരുന്നപ്പോള്‍ താമസിച്ച വീടും മൂന്നാം നമ്പര്‍ കാറും ചോദിച്ചുവാങ്ങി സ്വന്തമാക്കിയത് റോഷി അഗസ്റ്റിനാണ്.കെ കെ ശൈലജ താമസച്ചിരുന്ന നിള തന്നെയാണ് പുതിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനും അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ക്ലിഫ് ഹൗസിന് സമീപമുള്ള പമ്പയാണ് ഔദ്യോഗിക വസതിയായി അനുവദിച്ചിരിക്കുന്നത്.