കേരളം
പത്മജയ്ക്കും പദ്മിനിക്കും പിന്നാലെ തമ്പാനൂര്‍ സതീഷും ബിജെപിയിൽ
തലസ്ഥാന നഗരത്തിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായ തമ്പാനൂര്‍ സതീഷും പാര്‍ട്ടി വിട്ടു. ബിജെപിയിൽ ചേരാനായി ഇദ്ദേഹം ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി. മറ്റൊരു കോൺഗ്രസ് നേതാവ് പദ്‌മിനി തോമസും ബിജെപി ഓഫീസിലെത്തി.
കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുക. ഇന്നലെ തന്നെ ബിജെപി നേതൃത്വം ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പാര്‍ട്ടി വിട്ട് തങ്ങൾക്കൊപ്പം വരുമെന്ന് വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറിയായിരുന്ന തമ്പാനൂര്‍ സതീഷ് കഴിഞ്ഞ ദിവസം പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചിരുന്നു. പാര്‍ട്ടിയിൽ നിന്ന് രാജിവെക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം സിപിഎമ്മിലേക്കോ ബിജെപിയിലേക്കോ പോകില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്.
ഏറെനാളായി കോണ്‍ഗ്രസുമായി അകന്നുനില്‍ക്കുകയാണ് തമ്പാനൂര്‍ സതീഷ്. കെപിസിസി പുനഃസംഘടനയില്‍ പരിഗണിക്കപ്പെടാതിരുന്നതാണ് പാര്‍ട്ടിയുമായി അകലാന്‍ കാരണമായത്. സംഘിയും സഖാവുമാകാനില്ലെന്നും കെ കരുണാകരന്റെ ഉറച്ച ശിഷ്യനായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പ് തമ്പാനൂര്‍ സതീഷ് മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാൽ ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് കെ സുരേന്ദ്രനൊപ്പം എത്തിയപ്പോഴാണ് ഇദ്ദേഹം ബിജെപിയിൽ ചേരുകയാണെന്ന് വ്യക്തമായത്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പമാണ് പദ്മിനി തോമസ് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയത്.
വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് കായിക താരം കൂടിയായിരുന്ന പത്മിനി തോമസ് ബിജെപിയില്‍ ചേരുന്നത്. പാര്‍ട്ടി അംഗത്വം സ്വീകരിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും പത്മിനി തോമസ് പറഞ്ഞു. കെപിസിസിയുടെ കായിക വേദിയുടെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി പത്മിനിയെ പരിഗണിച്ചെങ്കിലും പിന്നീട് സീറ്റ് നിഷേധിക്കുകയായിരുന്നു.1982ലെ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെങ്കലവും റിലേയില്‍ വെള്ളിയും നേടി. അര്‍ജുന അവാര്‍ഡും ജിവി രാജ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.