കേരളം
എട്ടുമണി കഴിഞ്ഞാല്‍ സ്ത്രീകള്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണം; കണ്ടക്ടര്‍മാര്‍ക്ക് ഗണേഷ് കുമാറിന്റെ നിര്‍ദേശം
കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരോട് സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍. കൂടെയുള്ളത് സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ എന്ന് ചോദിക്കുന്ന കണ്ടക്ടര്‍മാരുടെ നടപടികള്‍ തെറ്റാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ച് യാത്ര ചെയ്യാം. രാജ്യത്തെ നിയമം അത് അനുവദിക്കുന്നുണ്ട്. അതുകൊണ്ട് അത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു
യാത്രക്കാര്‍ വണ്ടിയില്‍ കയറണം എന്നുള്ളത് മാത്രമാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി സേവനം മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാരെ ഉപദേശിച്ചുകൊണ്ടും യാത്രക്കാരുടെ പരാതികള്‍ പങ്കുവച്ചുകൊണ്ടുള്ള മന്ത്രിയുടെ റീല്‍ പരമ്പരകളുടെ ഭാഗമാണ് ഈ നിര്‍ദേശവും. ബുക്ക് ചെയ്ത് ബസില്‍ കയറിയ സഹോദരിയെയും സഹോദരനെയും ചോദ്യം ചെയ്യുകയും വീണ്ടും ടിക്കറ്റ് എടുപ്പിക്കുകയും ചെയ്ത കണ്ടക്ടറെ കുറച്ചുനാള്‍ മുന്‍പ് സസ്പെന്‍ഡ് ചെയ്തിരുന്നു.
ജീവനക്കാര്‍ മദ്യപിച്ച് ഡ്യൂട്ടിക്ക് വരാന്‍ പാടില്ല. മദ്യപിക്കുന്നത് കുറ്റമാണെന്ന് താന്‍ പറയുന്നില്ല. ഒരുപക്ഷെ മദ്യത്തിന്റെ ഗന്ധം യാത്രക്കാര്‍ക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല. അതുകൊണ്ട് അത്തരത്തില്‍ ഒരു പെരുമാറ്റം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാവരുതെന്നും മന്ത്രി പറഞ്ഞു. എട്ടുമണി കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് സൂപ്പര്‍ ഫാസ്റ്റും അതിന് താഴോട്ടുള്ള വണ്ടിയും അവര്‍ പറയുന്ന അടുത്ത് നിര്‍ത്തിക്കൊടുക്കണം. ഈ നിമിഷം മുതല്‍ സ്റ്റോപ്പില്‍ മാത്രമേ നിര്‍ത്തുകയുള്ളുവെന്ന നിര്‍ബന്ധബുദ്ധി ഉപേക്ഷിക്കണം. അതിന്റെ പേരില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ നടപടിയെടുത്താല്‍ അവര്‍ക്ക് എതിരെ താന്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.