കേരളം
ദത്ത് കേസ്; ഡി.എൻ.എ സാമ്പിൾ ശേഖരിച്ചു, നടപടി ക്രമങ്ങളിൽ തൃപ്തിയുണ്ടെന്ന് അനുപമ
ദത്ത് കേസിൽ കുഞ്ഞിൻ്റേയും അമ്മ അനുപമയുടേയും ഭർത്താവ് അജിത്തിൻ്റേയും ഡി.എൻ.എ സാമ്പിൾ ശേഖരിച്ചു.രണ്ട് ദിവസത്തിനകം പരിശോധനാ ഫലം പുറത്ത് വരും. അതേസമയം കുട്ടിയെ കാണണം എന്ന അനുപമയുടെ ആവശ്യം നടപ്പായില്ല. നടപടി ക്രമങ്ങളിൽ തൃപ്തിയുണ്ടെന്ന് അനുപമ പറഞ്ഞു.
ഇന്ന് രാവിലെ പത്തരയോടെ രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയിലെ ജീവനക്കാർ കുട്ടിയെ സംരക്ഷിച്ചിരിക്കുന്ന പാളയത്തെ നിർമ്മല ശിശുഭവനിലെത്തിയാണ് ഡി എന്‍ എ സാമ്പിൾ ശേഖരിച്ചത്. കുട്ടിയുടെ പ്രായവും നേരിട്ടെത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടും കണക്കിലെടുത്താണ് കുട്ടിയെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തെത്തി സാമ്പിൾ ശേഖരിച്ചത്. ജില്ലാ ശിശു സംരക്ഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു സാമ്പിൾ ശേഖരണം.
തുടർന്ന് 2.30 ഓടെ അനുപമയും ഭർത്താവ് അജിത്തും നേരിട്ടെത്തി സാമ്പിൾ നൽകി. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തന്നെയാണ് ഇവരുടേയും സാമ്പിൾ ശേഖരിച്ചത്.നിയമപരമായി തന്നെയാണ് സാമ്പിൾ ശേഖരിച്ചത്. നടപടിക്രമങ്ങളിൽ തൃപ്തിയുണ്ടെന്ന് അനുപമ പറഞ്ഞു. എന്നാൽ കുട്ടിയെ കാണണം എന്ന അനുപമയുടെ ആവശ്യം നടന്നില്ല. ഡി.എൻ.എ പരിശോധനാ ഫലം വരുന്ന മുറക്കായിരിക്കും തുടർ നടപടി.