കേരളം
വിവാദങ്ങൾക്ക് പിന്നാലെ അജിത്തും അനുപമയും വിവാഹിതരായി
ദത്തെടുക്കല്‍ വിവാദത്തിന് പിന്നാലെ അനുപമയും അജിത്തും വിവാഹിതരായി. തിരുവനന്തപുരം പരുത്തിപ്പാറ രജിസ്റ്റര്‍ ഓഫീസില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വിവാഹത്തിന് അപേക്ഷ നല്‍കിയിരുന്നു. നോട്ടീസ് കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് ഇവരുടെ വിവാഹത്തിന് സാധുത നല്‍കിയത്.
ഇവരുടെ കുഞ്ഞിനെ ശിശുക്ഷേമസമിതി അനധികൃതമായ ദത്തുനല്‍കിയ സംഭവം വലിയ വിവാദത്തിന് കാരണമായിരുന്നു. ഒരുമാസം മുന്‍പേ തന്നെ അപേക്ഷ കൊടുത്തിരുന്നെന്നും നിയമപരമായി വിവാഹം കഴിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നെന്നും അനുപമ പറഞ്ഞു. വിവാഹത്തിന് പറ്റിയ ഒരു സാഹചര്യമായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ കുഞ്ഞിനെ തിരിക കിട്ടിയെന്നും അനുപമ വ്യക്തമാക്കി.
‘അതിന്റെയൊരു സന്തോഷം കൂടിയുണ്ട്. ഞങ്ങള്‍ കുറേനാളായി ഒരുമിച്ച് ജീവിച്ചുവരികയാണ്. അത് നിയമപരമാകുമ്പോള്‍ അതില്‍ ഒരു സന്തോഷമുണ്ട്. മാത്രമല്ല കുഞ്ഞുംകൂടി അതിന് ദൃക്‌സാക്ഷിയായി. ഞങ്ങള്‍ വിവാഹം കഴിക്കുമോ അതോ പിരിയുമോ എന്നൊക്കെ പലര്‍ക്കും സംശയമുണ്ടായിരുന്നു. അതിനൊക്കെ ഒരു പരിഹാരമായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു. പ്ലാന്‍ ചെയ്ത പോലെയൊന്നുമല്ല ജീവിതം പോയത്. നന്നായി ജീവിച്ചുകാണിച്ചുകൊടുക്കണമെന്നുണ്ട്. മറ്റൊന്നുമില്ല, ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം തങ്ങളുടെ കൂടെയുണ്ട്’ അനുപമ പറഞ്ഞു.
കുഞ്ഞിന് വേണ്ടിയുള്ള അനുപമയുടെയും അജിത്തിന്റെയും പോരാട്ടം വലിയ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. ഇവരുടെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവം സംഭവം സിപിഎമ്മിനും സര്‍ക്കാരിനും ശിശുക്ഷേമസമിതിക്കുമെതിരെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആന്ധ്രയിലെ ദമ്പതികള്‍ക്ക് ദത്ത് നല്‍കിയ കുട്ടിയെ കോടതി ഇടപെടലിനെ തുടര്‍ന്നാണ് അനുപമയ്ക്ക് തിരിച്ച് കിട്ടിയത്.