കേരളം
ശബരിമലയില്‍ പ്രതിദിനം 10,000 പേര്‍ക്ക് പ്രവേശനം, വെര്‍ച്വല്‍ ക്യൂ വഴി; ആര്‍ടി- പിസിആര്‍ നിര്‍ബന്ധം
മീനമാസ പൂജകള്‍ക്കായി നട തുറക്കുന്ന ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കും. പ്രതിദിനം 10,000 ഭക്തരെ വീതം പ്രവേശിപ്പിക്കാനാണ് തീരുമാനം. വെര്‍ച്വല്‍ ക്യൂ വഴി വരുന്ന ഭക്തരെ മാത്രമേ ശബരിമലയില്‍ പ്രവേശിപ്പിക്കുകയുള്ളൂ. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പ്രവേശനത്തിന് നിര്‍ബന്ധമാണ്.
നിലവില്‍ പ്രതിദിനം 5000 പേരെ വീതം പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്. മീന മാസ പൂജ, ഉത്സവം എന്നിവ കണക്കിലെടുത്ത് ഇതനുസരിച്ച് നേരത്തെ തന്നെ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂ വഴി പ്രതിദിനം 5000 പേര്‍ വീതം ബുക്കിംഗ് നടത്തുന്നുണ്ടെങ്കിലും പകുതിയോളം ഭക്തര്‍ ശബരിമലയില്‍ എത്തുന്നില്ല എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആക്ഷേപം ഉന്നയിച്ചിരുന്നു. അതിനിടെയാണ് പ്രതിദിനം പതിനായിരം ഭക്തരെ വീതം ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.
മീന മാസ പൂജകള്‍ക്കും ഉത്സവത്തിനുമായി 15 മുതല്‍ 28 വരെയാണ് ശബരിമല നട തുറക്കുക. ഈ ദിവസങ്ങളില്‍ പ്രതിദിനം പതിനായിരം ഭക്തരെ വീതം പ്രവേശിപ്പിക്കാനാണ് അനുമതി നല്‍കിയത്.