കേരളം
വാട്സാപ്പ് ഗ്രൂപ്പുകളിലെ അധിക്ഷേപ പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി
വാട്സാപ്പ് ഗ്രൂപ്പുകളില്‍ വരുന്ന അധിക്ഷേപ പോസ്റ്റുകള്‍ക്ക് ഗ്രൂപ്പ് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പ്പൂര്‍ ബെഞ്ച്. 33കാരന് എതിരായ ലൈംഗികാരോപണ പരാതി തള്ളിക്കൊണ്ടാണ് കോടതി ഇത് അഭിപ്രായപ്പെട്ടത്.
വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന് ഗ്രൂപ്പിലേക്ക് ആളെ ചേര്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്യാനുള്ള അധികാരം മാത്രമേയുള്ളൂ എന്നും, ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്ന കണ്ടന്റുകള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസുമാരായ ഇസഡ് എ ഹഖും എ ബി ബോറാക്കറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരിവിട്ടു.
ഗ്രൂപ്പ് അംഗങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു പ്രവര്‍ത്തിക്കുന്നു എന്നതൊക്കെ മുന്‍കൂട്ടി അറിയാനും അവ നിയന്ത്രിക്കാനും അവരുടെ പോസ്റ്റുകള്‍ സെന്‍സര്‍ ചെയ്യാനുമുള്ള കഴിവോ അവസരമോ അഡ്മിനുകള്‍ക്കില്ല. ഈ സാഹചര്യത്തില്‍ അഡ്മിന്‍ കൂടി അറിഞ്ഞുകൊണ്ട് സംഘടിതമായി നടക്കുന്ന കാര്യങ്ങള്‍ക്ക് മാത്രമേ അവര്‍ ഉത്തരവാദി ആകുകയുള്ളൂവെന്ന് കോടതി നിരീക്ഷിച്ചു.
കിഷോര്‍ തരോണ്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി വിധി. 2016ല്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കിഷോര്‍ കോടതിയെ സമീപിച്ചത്.