കേരളം
ആദിലയ്ക്കും നൂറയ്ക്കും ഒന്നിച്ചുജീവിക്കാം; ഹൈക്കോടതി അനുമതി
ജീവിത പങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതി അനുമതി. ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനി നൂറയെ ആലുവയിലെ പങ്കാളിക്കൊപ്പം പോകാന്‍ ഹൈക്കോടതി അനുമതി നല്‍കി. ആലുവ സ്വദേശി ആദില സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് നടപടി.
തന്റെ പങ്കാളിയായ കോഴിക്കോട് സ്വദേശിനിയായ യുവതിയെ രക്ഷിതാക്കള്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്ന് കാട്ടിയാണ് ആലുവ സ്വദേശിനി ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഫയലില്‍ സ്വീകരിച്ച കോടതി, ഈ പെണ്‍കുട്ടിയോട് എത്രയും പെട്ടെന്ന് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചു. ഇതനുസരിച്ച് രക്ഷിതാക്കള്‍ക്കൊപ്പം എത്തിയ നൂറയെയാണ് ആദിലയ്‌ക്കൊപ്പം പോകാന്‍ ഹൈക്കോടതി അനുവദിച്ചത്. ഇവര്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളാണെന്നും ഇവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ നിലവിലെ നിയമം അനുസരിച്ച് തടയാന്‍ സാധിക്കില്ലെന്നും നിരീക്ഷിച്ച് കൊണ്ടാണ് കോടതിയുടെ ഇടപെടല്‍.
ആറുദിവസം മുന്‍പാണ് കോഴിക്കോട് സ്വദേശിനിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയതെന്ന് ആലുവ സ്വദേശിനി പറയുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇരുവരും ആലുവയില്‍ ആലുവ സ്വദേശിനിയുടെ ബന്ധുവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. സൗദിയിലാണ് രണ്ടു പെണ്‍കുട്ടികളും പഠിച്ചത്.
സ്‌കൂള്‍ പഠനക്കാലത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. ഉപരിപഠനത്തിനായി ഇരുവരും നാട്ടില്‍ എത്തി. ബിരുദ പഠനത്തിന് ശേഷം ഇരുവരും ഒന്നിച്ച് താമസിക്കാന്‍ തീരുമാനിച്ചതോടെയാണ് ബന്ധുക്കള്‍ എതിര്‍പ്പുമായി രംഗത്തുവരികയും കോഴിക്കോട് സ്വദേശിനിയെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.