കേരളം
ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍: ലുലുമാളില്‍ പ്രത്യേക കൗണ്ടര്‍
ആധാര്‍ കാര്‍ഡ് വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടപ്പള്ളി ലുലു മാളില്‍ ഇന്നു കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഉച്ചക്ക് 2.30 ന് പ്രചരണ പരിപാടികള്‍ ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്യും. സിനിമാതാരം ഹരിശ്രീ അശോകന്‍ മുഖ്യാതിഥി ആയി പങ്കെടുക്കും. ലുലു മാളിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി കാര്‍ഡ് എന്നിവയുമായി വന്നാല്‍ അവസരം പ്രയോജനപ്പെടുത്താന്‍ സാധിക്കും
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റ www.nvsp.in എന്ന വെബ് സൈറ്റ്, വോട്ടര്‍ ഹെല്‍പ് ലൈന്‍ മൊബൈല്‍ ആപ്പ് (വോട്ടർ ഹെൽപ്‌ലൈൻ എ. പി.പി-വി. എച്ച്. എ), https://voterportal.eci.gov.in/ എന്ന വോട്ടര്‍ പോര്‍ട്ടല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചും ബൂത്ത് ലെവല്‍ ഓഫീസര്‍ മുഖേന ഫോം ആറ് ബിയില്‍ സമര്‍പ്പിച്ചും ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാം. പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നവര്‍ ഫോം ആറിലെ ബന്ധപ്പെട്ട കോളത്തില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍ മതി.
പട്ടിക പുതുക്കലിന്റെയും ബന്ധിപ്പിക്കലിന്റെയും ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) ദിവസവും പത്തു വീടുകള്‍ സന്ദര്‍ശിക്കും. നവംബര്‍ ഒന്‍പതിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. നവംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ എട്ടുവരെ തിരുത്തലുകള്‍ വരുത്താനും ആക്ഷേപങ്ങള്‍ നല്‍കാനും അവസരമുണ്ട്. 2023 ജനുവരി ഒന്ന് യോഗ്യത തീയതിയായുള്ള അന്തിമ വോട്ടര്‍ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.