കേരളം
അധിക പോളിംഗ് ബൂത്ത്: ഇലക്ഷന്‍ കമ്മീഷന്‍ മാര്‍ഗനിര്‍ദേശം നല്‍കി
കോവിഡിന്റെ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് അധിക പോളിംഗ് ബൂത്തുകള്‍ ഒരുക്കുന്നത് സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. കേരളത്തില്‍ 15,730 അധിക പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കുക. സംസ്ഥാനത്ത് അധിക പോളിംഗ് ബൂത്തുകള്‍ ഉള്‍പ്പെടെ 40,771 ബൂത്തുകളാണുണ്ടാവുക.
നിലവില്‍ പോളിംഗ് ബൂത്തുകളുള്ള കെട്ടിടങ്ങളില്‍ തന്നെ അധിക ബൂത്ത് സജ്ജീകരിക്കുന്നതിനാണ് ആദ്യ പരിഗണന. അതിനുള്ള സാഹചര്യമില്ലെങ്കില്‍ അതേ വളപ്പില്‍ തന്നെ ബൂത്ത് ഒരുക്കണം. ഇതിനായി താത്ക്കാലിക കെട്ടിടം സജ്ജീകരിക്കാം. പോളിംഗ് ബൂത്ത് സ്ഥിതി ചെയ്യുന്ന കെട്ടിട വളപ്പില്‍ ഇതിനാവശ്യമായ സ്ഥലം ഇല്ലെങ്കില്‍ 200 മീറ്റര്‍ ചുറ്റളവില്‍ താത്ക്കാലിക ബൂത്ത് സജ്ജീകരിക്കാമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. താത്ക്കാലിക സജ്ജീകരണം ഒരുക്കുമ്പോള്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കണം. സര്‍ക്കാര്‍ കെട്ടിടം 200 മീറ്റര്‍ ചുറ്റളവില്‍ ലഭ്യമല്ലെങ്കില്‍ സ്വകാര്യ കെട്ടിടം ഇതിനായി ഏറ്റെടുക്കാം. എന്നാല്‍ ഈ കെട്ടിടങ്ങള്‍ക്ക് രാഷ്ട്രീയ ബന്ധം ഇല്ലെന്ന് ജില്ലാ കളക്ടര്‍മാര്‍ ഉറപ്പാക്കണം.
അധിക പോളിംഗ് ബൂത്തുകള്‍ ഒരുക്കുന്നതിന് മുമ്പ് ജില്ലാ കളക്ടര്‍മാര്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ഈ വിഷയം ചര്‍ച്ച ചെയ്ത് സമ്മതം വാങ്ങണം. അധിക ബൂത്തുകള്‍ ഒരുക്കുന്നതിനെക്കുറിച്ച് വിപുലമായ പ്രചാരണവും ജനങ്ങള്‍ക്കിടയില്‍ നടത്തണം. പോളിംഗ് ബൂത്തിനായി താത്ക്കാലിക സജ്ജീകരണം ഒരുക്കുന്നതിനുള്ള ഡിസൈന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.
ഇത് ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. അധിക ബൂത്തുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കാന്‍ ജില്ലാ കളക്ടമാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. റാമ്പുകള്‍, വെളിച്ചം, കുടിവെള്ളം, ഫര്‍ണിച്ചറുകള്‍ എന്നിവ ഈ ബൂത്തുകളിലും ഉണ്ടായിരിക്കണം.