കേരളം
അന്തരിച്ച നടി ശരണ്യ ശശിയുടെ സംസ്കാരചടങ്ങുകൾ പൂർത്തിയായി
അന്തരിച്ച നടി ശരണ്യ ശശിയുടെ സംസ്കാരചടങ്ങുകൾ പൂർത്തിയായി. തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്കാരം. ഭാരത് ഭവനിലെ പൊതുദർശനത്തിന് ശേഷമായിരുന്നു ശാന്തി കവാടത്തിലെ ചടങ്ങുകൾ. ഇന്നലെ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നിരവധി തവണ അർബുദത്തെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കും പ്രചോദനമായിരുന്നു. പലതവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവർ ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു.
ഇതിനിടയിൽ, കൊവിഡ് കൂടി വന്നതോടെ ആരോഗ്യസ്ഥിതി തീർത്തും വഷളായി. യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങൾ പങ്കുവെച്ച് ശരണ്യ എത്തിയിരുന്നു. സീരിയലുകൾക്ക് പുറമേ ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു. മലയാളത്തിനു പുറമേ തമിഴ് (ദൈവം തന്ത വീട്) തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു.
ഇടയ്ക്കിടെ വില്ലനായെത്തുന്ന ട്യൂമറിനോട് ധീരമായി പടപൊരുതി, ഒന്‍പത് വര്‍ഷത്തോളം മരണത്തിന് കീഴടങ്ങാതെ പിടിച്ചു നിന്നു. ഒട്ടേറെ തവണ മരണത്തെ മുന്നില്‍ കണ്ടിട്ടെണ്ടിലും ചെറുപുഞ്ചിരിയോടെ നേരിട്ടു. ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേക്ക് ശരണ്യ യാത്രയായിരിക്കുകയാണ്.
കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ, കണ്ണൂരിലെ ജവഹര്‍ലാല്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരുന്നു. നര്‍ത്തകി കൂടിയായ ശരണ്യ, ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദര്‍ശന്‍ സീരിയയിലൂടെയാണ് അഭിനയരംഗത്ത് തുടക്കമിടുന്നത്. പിന്നീട് ഒട്ടനവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു.