കേരളം
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ
യുവനടിയെ പീഡിപ്പിച്ച കേസിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലും വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ഈ രണ്ടു കേസുകളിലും ഇന്ന് വരെ വിജയ് ബാബുവിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. കോടതി നിർദേശിച്ച പ്രകാരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു.
പീഡനക്കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിനു പിന്നാലെ പരാതിക്കാരിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസെടുത്തത്. എന്നാൽ ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്നും ബ്ലാക്ക്മെയിലിന്റെ ഭാഗമായുള്ള പരാതിയെന്നാണ് വിജയ് ബാബുവിന്റെ വാദം. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പൊലീസ് കടക്കാനുള്ള സാധ്യതയുമുണ്ട്.
വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ എതിർത്ത വിജയ് ബാബു കോടതി നിർദേശിച്ച പ്രകാരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും വ്യക്തമാക്കിയിരുന്നു. സിനിമയിൽ അവസര൦ നിഷേധിച്ചതാണ് പരാതിക്ക് പിന്നിലെന്നും വിജയ് ബാബു ആരോപിച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ, ദുബായിലേക്ക് കടന്ന വിജയ് ബാബു ഹൈക്കോടതി നി൪ദ്ദേശപ്രകാരമാണ് കഴിഞ്ഞ ആഴ്ച കൊച്ചിയിൽ തിരിച്ചെത്തിയത്. തുട൪ന്ന് അന്വേഷണ സംഘം പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.