കേരളം
നടൻ മേള രഘു അന്തരിച്ചു
നടൻ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ ജി ജോർജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് രഘു സിനിമയിലെത്തിയത്.
മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ദൃശ്യം 2 ആണ് അവസാനം അഭിനയിച്ച ചിത്രം. കമലഹാസനുമൊത്ത് അപൂർവ സഹോദരങ്ങൾ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ദൃശ്യം 2 കാണുമ്പോൾ ആളുകൾ ഏറെ ശ്രദ്ധിക്കുന്ന കഥാപാത്രമാണ് ഹോട്ടലിൽ സപ്ലയറായി നിൽക്കുന്ന രഘു. പൊക്കം കുറഞ്ഞ കഥാപാത്രമായതു കൊണ്ടു തന്നെ രഘു പെട്ടെന്നു തന്നെ ആസ്വാദകനെ ആകർഷിക്കും. അദ്ദേഹത്തിന്റെ യഥാർഥ പേരും രഘു എന്നു തന്നെയാണ്.
അധികമാർക്കും അറിയാത്ത ഒരു ഫ്ലാഷ് ബാക്ക് രഘുവിന്റെ കരിയറിലുണ്ട്. 40 വർഷം മുമ്പ് കെ. ജി ജോർജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രത്തിലെ നായകനായിരുന്നു രഘു. മമ്മൂട്ടിയുടെ ആദ്യ കാല ചിത്രങ്ങളിൽ ഒന്നായ മേളയിൽ നായക കഥാപാത്രമായി എത്തിയ രഘു തെന്നിന്ത്യയിലെ പൊക്കം കുറഞ്ഞ ആദ്യ നായകൻ എന്ന റെക്കോർഡും അന്ന് കരസ്ഥമാക്കി.