Technology
ഐ.ടി ചട്ടങ്ങൾ അനുസരിക്കാത്തതിന് മൂന്ന് കോടി പോസ്റ്റുകൾക്കെതിരെ നടപടിയുമായി ഫേസ്ബുക്ക്
ഓഗസ്റ്റ് മാസത്തിൽ, ഐ.ടി നിയമത്തിന് വിരുദ്ധമായ മൂന്ന് കോടി പോസ്റ്റുകൾക്കെതിരെ നടപടിയെടുത്തെന്ന് ഫേസ്ബുക്ക്. 20.7 ലക്ഷം അക്കൗണ്ടുകൾ പൂട്ടിക്കെട്ടിയതായി വാട്‌സാപ്പ് വ്യക്തമാക്കി. 22 ലക്ഷം പോസ്റ്റുകൾക്കെതിരെ ഇൻസ്റ്റാഗ്രാമും നടപടിയെടുത്തു. പുതിയ ഐ.ടി ചട്ടപ്രകാരമാണ് സാമൂഹ്യമാധ്യമ ഭീമന്മാർ കണക്കുകൾ പുറത്തുവിട്ടത്.
പുതിയ ഐ.ടി ചട്ടപ്രകാരം അഞ്ച് ദശലക്ഷത്തിൽ അധികം ഉപയോക്താക്കളുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എല്ലാ മാസവും അവർക്ക് ലഭിച്ച പരാതികളുടെ വിവരങ്ങളും, അതിൽ സ്വീകരിച്ച നടപടികളൂം കാണിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓഗസ്റ്റ് മാസത്തെ വിവരങ്ങൾ ഫേസ്ബുക്കും, വാട്‌സാപ്പും, ഇൻസ്റ്റാഗ്രാമും, ഗൂഗിളും പുറത്തുവിട്ടത്.
ഓഗസ്റ്റ് മാസം 3.2 കോടി പോസ്റ്റുകൾക്കെതിരെ നടപടികൾ സ്വീകരിച്ചു. പോസ്റ്റ് നീക്കം ചെയ്യൽ അടക്കമുള്ള നടപടികളാണ് സ്വീകരിച്ചത്. വിദ്വേഷ പരാമർശങ്ങൾ, ലൈംഗിക അതിക്രമം, അനാവശ്യ സന്ദേശങ്ങൾ, ഭീകര സംഘടനകളുടെ പോസ്റ്റുകൾ, സംഘടിതമായി സമൂഹത്തിൽ വെറുപ്പ് പടർത്താൻ ഉദ്യേശിച്ചുള്ള പോസ്റ്റുകൾ എന്നിവയ്‌ക്കെതിരെയാണ് ഫേസ്ബുക്കിന്റെ നടപടി.
ഓഗസ്റ്റിൽ 20, 70000 ഇന്ത്യൻ അക്കൗണ്ടുകൾ വിലക്കിയതായി വാട്‌സാപ്പ് അറിയിച്ചു. ജൂൺ 16 മുതൽ ജൂലൈ 21 വരെയുള്ള കാലയളവിൽ മുപ്പത് ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്തിരുന്നു. ഓഗസ്റ്റിൽ 35,191 പരാതികൾ ലഭിച്ചതായും, 93,550 ഉള്ളടക്കങ്ങൾ നീക്കം ചെയ്തതായും സെർച്ച് എഞ്ചിനായ ഗൂഗിൾ വ്യക്തമാക്കി.