കേരളം
കൊടും ക്രൂരത; വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് ആടിന് നേരെ ആസിഡ് ആക്രമണം, മുഖത്തും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റു
ചാത്തന്നൂരില്‍ ആടിന് നേരെ ആസിഡ് ആക്രമണം. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് അതിക്രമിച്ചെത്തിയവര്‍ ആടിന്റെ മുഖത്തും ശരീരത്തിലും ആസിഡ് ഒഴിക്കുകയായിരുന്നു. കല്ലുവാതുക്കലില്‍ അദ്ധ്യാപികയായ സുജയുടെ ആടിന് നേരെയാണ് ആക്രമണം. ഉടമയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കൊടുക്രൂരതയ്ക്ക് പിന്നില്‍ ബന്ധുക്കളാണെന്ന് പോലീസ് പറയുന്നു.
കണ്ണിനും ദേഹത്തും പൊള്ളലേറ്റ ആടിന് ഇരു കണ്ണുകളുടേയും കാഴ്ച ശക്തി നഷ്ടമായി. ദേഹത്ത് നിന്ന് തൊലി അടര്‍ന്നുവീഴുന്ന അവസ്ഥയിലായിരുന്നു. ചാത്തന്നൂര്‍ ബിആര്‍സിയില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ കരകൗശല വിദ്യകള്‍ പരിശീലിപ്പിക്കുന്ന താത്കാലിക അദ്ധ്യാപികയാണ് സുജ. കഴിഞ്ഞ ദിവസം കൊല്ലത്തെ ബന്ധുവീട്ടില്‍ പോയി തിരികെ എത്തിയപ്പോഴാണ് ആടിനോടുള്ള ക്രൂരത ശ്രദ്ധയില്‍പ്പെടുന്നത്.
മൃഗാശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് ആസിഡ് ആക്രമണമാണെന്ന് തിരിച്ചറിയുന്നത്. സംഭവത്തില്‍ പാരിപ്പള്ളി പോലീസ് കേസെടുത്തു. ബന്ധുക്കള്‍ തമ്മിലുള്ള വഴക്കാണ് ആസിഡ് ആക്രമണത്തിന് പിന്നില്‍. സുജയുടെ രണ്ട് മക്കളില്‍ ഒരാള്‍ക്ക് കാഴ്ചയ്ക്ക് തകരാറുണ്ട്. തുച്ഛമായ ശമ്ബളം ജീവിക്കാന്‍ തികയാതെ വന്നപ്പോഴാണ് ആടിനേയും ഒരു ജോഡി മുയലിനേയും പക്ഷികളേയും വളര്‍ത്താന്‍ ഇവര്‍ ആരംഭിച്ചത്.