ക്രൈം
മണപ്പുറം ഫിനാന്‍സില്‍ നിന്ന് 20 കോടി തട്ടിയ കേസിൽ പ്രതി കീഴടങ്ങി; ചോദ്യങ്ങളോട് തട്ടിക്കയറി
തൃശ്ശൂര്‍ വലപ്പാട് ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിയെടുത്ത കൊല്ലം സ്വദേശിനി ധന്യ മോഹൻ പൊലീസിൽ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ധൂര്‍ത്തിനും ആഡംബരത്തിനുമായാണ് പണം ഉപയോഗിച്ചത്. ധന്യ ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിമയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രണ്ട് കോടി രൂപയുടെ ഓണ്‍ലൈന്‍ റമ്മി കളിയുടെ ഇടപാട് വിവരങ്ങള്‍ ഇന്‍കംടാക്സ് തേടിയിരുന്നു. എന്നാല്‍ ധന്യ വിവരം നല്‍കിയിരുന്നില്ല.
മണപ്പുറത്തിന്റെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന വലപ്പാട് പ്രദേശത്ത് ധന്യ സ്ഥലം വാങ്ങിയത് രണ്ട് കൊല്ലത്തിനിടെയാണ്. വലപ്പാട്ടെ വീടിന് മുന്നിലുള്ള അഞ്ച് സെന്റ് സ്ഥലം വാങ്ങിയെങ്കിലും ആധാരം ചെയ്തിരുന്നില്ല. തട്ടിപ്പ് ആരംഭിച്ചെന്ന് കരുതുന്ന കാലത്ത് വിദേശത്തായിരുന്ന ഭര്‍ത്താവ് മടങ്ങിവരികയായിരുന്നു.
ഡിജിറ്റല്‍ ഇടപാടിലൂടെയാണ് 20 കോടി തട്ടിയെടുത്തെന്ന് തൃശ്ശൂര്‍ റൂറല്‍ എസ് പി നവനീത് ശര്‍മ പറഞ്ഞിരുന്നു. കൊല്ലം സ്വദേശിനിയായ ധന്യാ മോഹനെ പിടികൂടാന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപികരിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ 18 വര്‍ഷത്തോളമായി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ധന്യ മോഹൻ. 2019 മുതല്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് കമ്പനിയില്‍ നിന്നും വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സ്ണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു
20 കോടി രൂപ തട്ടിയെടുത്ത പ്രതി ധന്യാമോഹന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് തട്ടിക്കയറി. കുറ്റം ചെയ്തോ എന്ന ചോദ്യത്തോട് തന്റെ ബാഗ് മുഴുവൻ കാശാണ്, നിങ്ങൾ വന്ന് എടുത്തോളൂ എന്നായിരുന്നു തട്ടിക്കയറിയുള്ള ധന്യയുടെ മറുപടി. പണം എന്തു ചെയ്തു എന്ന ചോദ്യത്തിന് ചന്ദ്രനിൽ 5 സെന്റ് സ്ഥലം വാങ്ങിയെന്നും ധന്യ മറുപടി നല്കി. വലപ്പാട് മണപ്പുറം കോംപ്ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിൽ നിന്നുമാണ് ധന്യ പണം തട്ടിയെടുത്തത്. സ്ഥാപനത്തിലെ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരുന്നു പ്രതിയായ ധന്യ മോഹന്‍.