കേരളം
മോഡലുകളുടെ മരണം; സൈജുവിനെതിരെ കൂടുതൽ ആരോപണങ്ങളുമായി അന്വേഷണ സംഘം
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജുവിനെതിരെ കൂടുതൽ ആരോപണങ്ങളുമായി അന്വേഷണസംഘം. പ്രതി കാട്ടുപോത്തിനെ വേട്ടയാടിയെന്ന് സംശയമുണ്ടെന്നാണ് ആരോപണം. ഇയാൾ കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കറിവച്ചതിനെകുറിച്ചുള്ള സന്ദേശങ്ങള്‍ ലഭിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ആരോപണമുള്ളത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും ആരാണ് ഇയാൾക്കൊപ്പം വേട്ടയ്ക്ക് ഉണ്ടായിരുന്നതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.സൈജുവിന്റെ സുഹൃത്തുക്കളുമായുള്ള ചാറ്റിലാണ് ഈ വിവരമുള്ളത്. മൂന്നാറിലെ ഡിജെ പാര്‍ട്ടിയില്‍ ഇയാൾ മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. മൂന്നാറിൽ വിതരണം ചെയ്തത് എംഡിഎംഎയാണെന്ന് സൈജു സമ്മതിച്ചെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
മൂന്നാറില്‍ വിതരണം ചെയ്ത മയക്കമുരുന്നിനെകുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും റിമാന്റ് റിപ്പോര്ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.എറണാകുളം വൈറ്റിലയിൽ വെച്ചുണ്ടായ കാറപകടത്തിലാണ് മുൻ മിസ് കേരള അൻസി കബീറും മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും അടക്കം മൂന്ന് പേർ മരിച്ചത്. ഓഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചൻ വാഹനത്തിൽ പിന്തുടർന്നത് കൊണ്ടാണ് കൊച്ചിയിലെ മോഡലുകൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതെന്നാണ് ഇന്ന് പൊലീസ് കോടതിയെ അറിയിച്ചത്.
പെൺകുട്ടികൾ സഞ്ചരിച്ച വാഹനം സൈജു കാറിൽ പിന്തുടർന്നു. ഇതോടെ ഇവർ സഞ്ചരിച്ച വാഹനമോടിച്ച അബ്ദുൾ റഹ്മാൻ വേഗതകൂട്ടി. തുടർന്ന് മത്സരയോട്ടമുണ്ടായി. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. അതായത്, സൈജുവിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കാൻ വേണ്ടി അബ്ദുൾ റഹ്മാൻ വാഹനം വേഗതയിൽ ഓടിച്ചെന്നാണ് പൊലീസ് ഭാഷ്യം. സൈജുവിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. പൊലീസ് റിപ്പോർട്ടിൽ സൈജുവിനെതിരെ ഗുരുതര പരാമർശങ്ങളുണ്ടെന്ന് വ്യക്തമാക്കിയ കോടതി സൈജുവിനെ മൂന്ന് ദിവസം കൂടെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.