കേരളം
തട്ടിക്കൊണ്ടുപോകൽ കേസിൽ നമ്പർ പ്രതിക്കൂട്ടിൽ, കാർ ഷെഡിൽ കയറി: സ്വന്തം വണ്ടി പുറത്തിറക്കാനാകാതെ ഉടമ
കൊല്ലത്ത് ആറ് വയസുകാരി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ സ്വന്തം കാർ പുറത്തിറക്കാൻ കഴിയാത്ത ദുരവസ്ഥയിൽ മലപ്പുറം സ്വദേശി. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിലെ വ്യാജ നമ്പർ മലപ്പുറം സ്വദേശിയുടെ കാറിന്റെ നമ്പറായിരുന്നു. ഈ നമ്പർ വ്യാപകമായി പ്രചരിച്ചതോടെയാണ് യഥാർത്ഥ നമ്പർ കാറിന്റെ ഉടമ എടവണ്ണ സ്വദേശി ബിമൽ സുരേഷ് ധർമ്മസങ്കടത്തിലായത്.
സ്വന്തം കാർ പുറത്തിറക്കാൻ പറ്റുന്നില്ലെന്നാണ് കാർ ഉടമയായ എടവണ്ണ സ്വദേശി ബിമൽ സുരേഷ് പ്രതികരിച്ചത്. കാറിന്റെ നമ്പർ എല്ലായിടത്തും പ്രചരിക്കപ്പെട്ടുവെന്നും കാർ പുറത്തിറക്കിയാൽ ആളുകൾ എങ്ങനെ പ്രതികരിക്കും എന്നറിയില്ലെന്നും ബിമൽ സുരേഷ് പറയുന്നു. കുട്ടിയെ കാണാതായ ദിവസം രാത്രി പോലീസ് വന്നപ്പോളാണ് സംഭവം അറിഞ്ഞതെന്നും മഞ്ചേരി യൂസ്‌ഡ് കാർ ഷോപ്പിൽ നിന്നാണ് കാർ വാങ്ങിയതെന്നും ബിമൽ പറഞ്ഞു.
കെഎൽ 04 എഎഫ് 3239 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് കാറാണ് ബിമൽ സുരേഷിന്റേത്. വെള്ള നിറത്തിലുള്ളതാണ് ഈ കാർ. അബിഗേലിനെ തട്ടിക്കൊണ്ടുപോയവരും ഉപയോഗിച്ചത് വെള്ള സ്വിഫ്റ്റ് കാറായിരുന്നു. എന്നാൽ വ്യാജ നമ്പറായിരുന്നു ഘടിപ്പിച്ചത്. ബിമൽ സുരേഷിന്റെ കാർ ഉപയോഗിക്കുന്നത് ഡോക്ടർ കൂടിയായ അമ്മയാണ്. ഒരു സ്ഥിരം ഡ്രൈവറും കാറിനുണ്ട്. എന്നാൽ നാടൊന്നാകെ തിരച്ചിലിനിറങ്ങിയ കുട്ടിക്കടത്ത് കേസിൽ നമ്പർ പ്രതിക്കൂട്ടിലായതോടെ കാർ ഷെഡിൽ കയറി. ഇതുവരെ കാർ പിന്നീട് പുറത്തിറക്കിയിട്ടില്ല. നാളെ പുറത്തിറക്കി പ്രതികരണം എന്താകുമെന്ന് നോക്കണമെന്ന് ബിമൽ പ്രതികരിച്ചു.