കേരളം
വ്യാജ ഐഡി കാര്‍ഡ് കേസ്: ഗൂഢാലോചന എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനെന്ന് ആരോപണം
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ പ്രതികള്‍ രാജ്യസുരക്ഷക്ക് ഭീഷണിയായി സംഘം ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്ന് പൊലീസ് കോടതിയില്‍. എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വേണ്ടിയാണ് പ്രതികള്‍ ഗൂഢാലോചന നടത്തുകയും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കിയതെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത് എങ്ങനെ ഉണ്ടാക്കി, ആരൊക്കെ ഉപയോഗിച്ചു, മാധ്യമറിപ്പോര്‍ട്ടുകള്‍ ഏതെല്ലാം വിധത്തില്‍ വന്നു, എങ്ങനെ ഡിവൈഎഫ്‌ഐയുടെ പരാതി വന്നു, കേസെടുത്തു, സമാനമായി സംസ്ഥാനത്ത് വന്ന മറ്റു കേസുകള്‍ എല്ലാം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.
സി ആര്‍ കാര്‍ഡ് എന്ന മൊബൈല്‍ ആപ്പ് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റീവ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയ്ഡ് പാക്കേജ് കിറ്റ് ഫയല്‍ ഫോര്‍മാറ്റ് ആണെന്നും ഈ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വ്യാജ ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഫെനി, ബിനില്‍ ബിനു എന്നിവരെ തൈക്കാടു വെച്ചാണ് പിടികൂടുന്നത്. ഡല്‍ഹിയില്‍ നിന്നെത്തിയ രാഹുല്‍ മാങ്കൂട്ടത്തിന് കെപിസിസി ഓഫീസില്‍ നല്‍കിയ സ്വീകരണത്തിന് ശേഷം മടങ്ങുമ്പോഴാണ് ഇവര്‍ പിടിയിലാകുന്നത്.
പ്രതികള്‍ സഞ്ചരിച്ചിരുന്നത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറിലായിരുന്നു. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്നും ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുമെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തമിഴ് നടന്‍ അജിത്തിന്റെ പേരിലും വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കിയിട്ടുണ്ട്. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഭി വിക്രമിന്റെ ഫോണില്‍ നിന്നും 24 വ്യാജ കാര്‍ഡുകള്‍ കണ്ടെടുത്തിരുന്നു. ഇതില്‍ ഒരെണ്ണമാണ് അജിത്തിന്റെ ചിത്രം വെച്ചുള്ള വ്യാജ കാര്‍ഡ്. പൊലീസ് കണ്ടെടുത്ത കാര്‍ഡുകള്‍ വ്യാജമാണോ എന്ന് സ്ഥിരീകരിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ കൈമാറിയിരുന്നു.