കേരളം
വടക്കാഞ്ചേരി അപകടം; ഡ്രൈവര്‍ അറസ്റ്റില്‍
വടക്കാഞ്ചേരിയില്‍ ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ ടൂറീസ്റ്റ് ബസ് അപകടത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഡ്രൈവര്‍ ജോമോന് (ജോജോ പത്രോസ്) അറസ്റ്റില്‍. കൊല്ലം ചവറയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊല്ലം ചവറ ശങ്കരമങ്കലത്ത് നിന്ന് ചവറ പൊലീസ് ജോമോനെ പിടികൂടി വാളാഞ്ചേരി പൊലീസിന് കൈമാറിയത്.
പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. അതീവ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അന്‍പതിനായിരം രൂപവീതവും സഹായധനം നല്‍കും. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നുവെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. അപകടത്തില്‍ രാഷ്ട്രപതി ദ്രൗപദി മുർമുവും അനുശോചിച്ചു.
ബസ് അപകടത്തിൽ അഞ്ച് വിദ്യാർഥികൾ അടക്കം ഒന്‍പത് പേരാണ് മരിച്ചത്. മരിച്ചവരിൽ സ്കൂളിലെ കായിക അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉൾപ്പെടുന്നു. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഇന്നലെ വൈകിട്ട് കുട്ടികളുമായി വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് രാത്രി കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. പാലക്കാട് അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ രാത്രി 11.30 നു ആയിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാർ ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ അടക്കം പുറത്തെടുത്തത്. നാല്‍പ്പതോളം പേർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടം ഉണ്ടാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.