കേരളം
അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ സ്ത്രീയെകുറിച്ച് സംശയം; വാടകവീട്ടിൽ പരിശോധന
അബിഗേൽ സാറയെന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീയെകുറിച്ച് സൂചന. കല്ലമ്പലം ഞെക്കാട് വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയെന്നാണ് പൊലീസിന് സംശയം. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഞെക്കാട്ടെ വാടകവീട്ടിൽ പൊലീസ് പരിശോധന നടന്നുവരികയാണ്. സ്ത്രീയുടെ ഫോട്ടോ കുട്ടിയെ കാണിച്ച് വ്യക്തത വരുത്താനാണ് പൊലീസിന്റെ തീരുമാനം. ഞെക്കാട്ടെ വീട്ടിൽ പൊലീസ് പരിശോധിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
കല്ലമ്പലം ഞെക്കാട്ടെ വീട്ടിലാണ് പരിശോധന. ഈ വീട്ടിൽ താമസിച്ചുവരുന്ന സ്ത്രീയെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. ചിട്ടിയുൾപ്പെടെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നയാളാണ് സ്ത്രീ. ഇതും പൊലീസിൻ്റെ അന്വേഷണ പരിധിയിലുണ്ട്. എന്നാൽ ഈ വീട്ടിൽ കഴിഞ്ഞ നാല് ദിവസമായി ആളില്ലെന്നാണ് വീട്ടുടമ പറയുന്നത്. നാല് ദിവസമായി അവരെ കാണാനില്ല. ഇവർക്ക് ലോട്ടറി കച്ചവടവുമുണ്ടെന്ന് മൊഴിയിലുണ്ട്. സ്ത്രീയുടെ ഫോട്ടോ കുട്ടിയെ കാണിക്കാനായി കൊല്ലത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. കുട്ടിയെ കാണിച്ച് സ്ഥിരീകരിക്കാനാണ് പൊലീസിന്റെ ശ്രമം. കൂടാതെ സ്ത്രീക്കൊപ്പമുള്ള മറ്റു മൂന്നുപേരെ കണ്ടെത്താനുമുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്.