കേരളം
അഭയയുടെ കൊലയാളികൾക്ക് ശിക്ഷ വിധിച്ചു; ജീവപര്യന്തം
ഫാ.തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജീവപര്യന്തം. ഫാ.തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം), 201 (തെളിവു നശിപ്പിക്കല്‍), 449 (അതിക്രമിച്ചുകടക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.
ഗൗരവമേറിയ കുറ്റമാണ് പ്രതികള്‍ ചെയ്തിരിക്കുന്നതെന്നും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് ആണിതെന്നു കോടതി വിലയിരുത്തി. ആസൂത്രിത കൊലപാതകമാണോയെന്ന ചോദ്യത്തിന് അല്ലെന്ന് പ്രോസിക്യൂഷന് മറുപടി നല്കി. എന്നാല്‍ അതിക്രമിച്ചു കടന്നു കൊല നടത്തിയത് ഗൗരവമേറിയതെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
കേസിലെ രണ്ടിലെ പ്രതികളും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. കേസിൽ ഒന്നാം പ്രതിയായ ഫാദര്‍ കോട്ടൂര്‍ അര്‍ബുദ രോഗിയാണെന്നും അദ്ദേഹത്തിന് 73 വയസ് പ്രായമുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തിൻ്റെ വാദം അവസാനിച്ച ശേഷം ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും ശിക്ഷയിൽ ഇളവ് നൽകണമെന്ന് ജഡ്ജിക്ക് അരികിലെത്തി അഭ്യര്‍ത്ഥിച്ചു.
താൻ നിരപരാധിയാണെന്നും ദിവസവും 20 എം.ജി ഇൻസുലിൻ വേണമെന്നും കോട്ടൂര്‍ കോടതിയിൽ പറഞ്ഞു. മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ അതിനും ചികിത്സയും മരുന്നുമുണ്ടെന്നും ഫാദര്‍ കോട്ടൂര്‍ കോടതിയെ അറിയിച്ചു. കോട്ടൂരിന് പിന്നാലെ സിസ്റ്റര്‍ സ്റ്റെഫി സിബിഐ ജഡ്ജിക്ക് സമീപത്തേക്ക് വന്നു താൻ നിരപരാധിയാണെന്നും ക്നായ നിയമപ്രകാരം ഒരു വൈദികൻ കന്യാസ്ത്രീക്ക് പിതാവിനെ പോലെയാണെന്നും അതിനാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സിസ്റ്റര്‍ സ്റ്റെഫി പറഞ്ഞു.
തനിക്ക് രോഗികളായ മാതാപിതാക്കളുണ്ടെന്നും അവരുടെ സംരക്ഷണം തൻ്റെ ഉത്തരവാദിത്തമാണെന്നും സ്റ്റെഫി കോടതിയെ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ കൈമാറിയ സ്റ്റെഫി തനിക്ക് പെൻഷനുണ്ടെന്നും ആ വരുമാനം കൊണ്ടാണ് ജീവിക്കുന്നതെന്നും പറഞ്ഞു. കേസിൻ്റെ വിധി പ്രസ്താവം കേൾക്കാൻ വലിയ ആൾക്കൂട്ടമാണ് കോടതിയിൽ ഉണ്ടായത്.
അഭിഭാഷകരും നിയമവിദ്യാര്‍ത്ഥികളും മാധ്യമപ്രവര്‍ത്തകരും കന്യാസ്ത്രീകളും പ്രതികളുടെ ബന്ധുക്കളുമടക്കം നിരവധി പേര് കേരള ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ കേസിൻ്റെ അവസാന വിചാരണ ദിവസം കോടതി മുറിയിൽ എത്തിയിരുന്നു. കോടതിമുറിയിൽ വാദങ്ങൾ പുരോഗമിക്കുമ്പോൾ അതെല്ലാം കണ്ണടച്ച് കേട്ടിരിക്കുകയായിരുന്നു സിസ്റ്റർ സ്റ്റെഫി.
രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ കോൺവന്റിൽ കണ്ടതിനു നേരിട്ടുള്ള സാക്ഷി മൊഴികളോ സാഹചര്യത്തെളിവുകളോ ഇല്ലെന്നു വിലയിരുത്തി കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
കോട്ടയം ബിസിഎം കോളജിൽ പ്രീഡിഗ്രി രണ്ടാം വർഷ വിദ്യാർഥിനിയായിരിക്കെ 1992 മാർച്ച് 27 നാണു കോൺവന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സിസ്റ്റർ അഭയ, തങ്ങളെ അരുതാത്ത സാഹചര്യത്തിൽ കണ്ടതു പുറത്തു പറയാതിരിക്കാൻ ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവർ ചേർന്നു കൊല നടത്തിയതായാണു സിബിഐ കുറ്റപത്രത്തിൽ പറയുന്നത്.
തലയ്ക്കു പിന്നിൽ വലതു ചെവിക്കു സമീപം കോടാലി കൊണ്ടു രണ്ടു തവണ അടിയേറ്റുവീണ അഭയയെ പ്രതികൾ സമീപത്തെ കിണറ്റിലെറിഞ്ഞെന്നും അബോധാവസ്ഥയിൽ മുങ്ങി മരിക്കുകയായിരുന്നുവെന്നും സിബിഐ വാദിച്ചു.
Read also: ജോമോന് പുത്തന്‍പുരയ്ക്കലിന്റെ വിജയം; 28 വർഷത്തെ നിരന്തര പോരാട്ടം
ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്നു പറഞ്ഞ കേസിലാണ് നിർണായക വിധി വന്നിരിക്കുന്നത്. സിബിഐയും കേസ് എഴുതിത്തള്ളാൻ 3 വട്ടം കോടതിയോട് അഭ്യർഥിച്ചിരുന്നു. കോടതിയുടെ രൂക്ഷ വിമർശനത്തെത്തുടർന്നു വീണ്ടും കേസ് ഏറ്റെടുത്തശേഷം എസ്പി നന്ദകുമാർ നായർ 2008ൽ ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ അറസ്റ്റ് ചെയ്തതാണു വഴിത്തിരിവായത്.
ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്. പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനില്‍കുമാറാണ് കേസ് പരിഗണിച്ചത്.
കോവിഡ് ടെസ്റ്റിനു ശേഷം ഫാ. കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും സിസ്റ്റർ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും ഇന്നലെത്തന്നെ മാറ്റിയിരുന്നു.
Read also: അഭയ കേസ് വിധി വരുന്നത് വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ
കുറ്റവും ശിക്ഷയും
ഫാ.തോമസ് കോട്ടൂരിനെതിരെ 302, 201, 449 വകുപ്പുകളും സിസ്റ്റർ സെഫിക്കെതിരെ 302, 201 വകുപ്പുകളുമാണു ചുമത്തിയത്.
ഈ വകുപ്പുകളുടെ കുറ്റവും ശിക്ഷയും
302: കൊലപാതകം
ശിക്ഷ: വധശിക്ഷ അല്ലെങ്കിൽ ജീവപര്യന്തം തടവ്, പിഴ.
201: തെളിവു നശിപ്പിക്കൽ, കുറ്റവാളിക്കു സംരക്ഷണം
ശിക്ഷ: 7 വർഷം വരെ തടവ്, പിഴ.
449: വധശിക്ഷ കിട്ടാവുന്ന കുറ്റകൃത്യത്തിനായി അതിക്രമിച്ചു കടക്കൽ.
ശിക്ഷ: ജീവപര്യന്തം തടവ് അല്ലെങ്കിൽ 10 വർഷത്തിൽ കൂടാത്ത കഠിന തടവും പിഴയും.