കേരളം
നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം; നീതു രാജ് റിമാൻഡിൽ
നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അറസ്റ്റിലായ നീതു രാജിനെ കോടതി റിമാൻഡ് ചെയ്തു. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്.
കോട്ടയം മെഡിക്കൽ കോളജിൽ ഇന്നലെയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഡോക്ടറുടെ വേഷത്തിലെത്തിയാണ് നീതു കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത്. പൊലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിനെ ഹോട്ടലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കൊച്ചിയിലേക്ക് കടക്കാനായി നീതു ടാക്‌സി വിളിച്ചിരുന്നു. ഇതനുസരിച്ച് ഹോട്ടലിൽ എത്തിയ ഡ്രൈവറുടെ ഇടപെടൽ വഴിയാണ് കുഞ്ഞിനെ തിരിച്ചുകിട്ടിയത്.
നവജാത ശിശുവിനെ നീതു തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക്‌മെയിൽ ചെയ്യാനെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തട്ടിയെടുത്ത കുഞ്ഞ് കാമുകന്റെ ആണെന്ന് ചിത്രീകരിക്കാനായിരുന്നു നീക്കം എന്നും പൊലീസ് പറയുന്നു.
നീതു നേരത്തെ ഗർഭം അലസിപ്പിച്ചിരുന്നു. ഇവർ പല തവണ ഗൈനക്കോളജി വിഭാഗത്തിലെത്തിയെന്നും പൊലീസ് പറയുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് ഡോക്ടറുടെ വേഷത്തിൽ എത്തിയ നീതു കുഞ്ഞിനെ കടത്തിക്കൊണ്ടു പോയത്. കുഞ്ഞിന് മഞ്ഞപ്പുണ്ടെന്ന് പറഞ്ഞാണ് അമ്മയുടെ കയ്യിൽ നിന്ന് നീതു കുഞ്ഞിനെ വാങ്ങിയത്.