ദേശീയം
കെജ്രിവാളിന്റെ അറസ്റ്റ്; ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധം; AAP മന്ത്രിമാര്‍ അറസ്റ്റില്‍
മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാക്കി ആംആദ്മി. രണ്ടു മന്ത്രിമാരടക്കം നിരവധി എംഎല്‍എമാരെ അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രി അതിഷി അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പ്രതിഷേധ മാര്‍ച്ച് ഐടിഒയ്ക്ക് സമീപം പൊലീസ് തടഞ്ഞിരുന്നു.
സമരം കണക്കിലെടുത്തു ഡൽഹിയിലെ പ്രധാന പാതകൾ ബാരിക്കേഡ് ഉയർത്തി അടച്ചു. ഡൽഹിയിൽ ദ്രുതകർമ സേനയെ ഉൾപ്പെടെ വിന്യസിച്ചു കഴിഞ്ഞു. ഇ.ഡി. ആസ്ഥാനത്തും സുരക്ഷ വർധിപ്പിച്ചു.
സംഘര്‍ഷത്തിനിടെ മന്ത്രിമാരായ അതിഷി മര്‍ലേനയും സൗരഭ് ഭരദ്വാജും റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസ് രണ്ടു മന്ത്രിമാരെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധിച്ച നിരവധി എഎപി പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. എഎപി പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹി ഡിഡി മാര്‍ഗ് ഏരിയയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഭഗവന്ത് മാൻ ഉൾപ്പെടെയുള്ള പാർട്ടിയുടെ ഉന്നത നേതാക്കൾ വെള്ളിയാഴ്ച ദേശീയ തലസ്ഥാനത്ത് ഇറങ്ങുന്നതോടെ രാജ്യവ്യാപക പ്രതിഷേധത്തിന് എഎപി ആരംഭം കുറിക്കുകയാണ്.
അരവിന്ദ് കെജ്രിവാളിനെതിരായ ഇഡി നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ആംആദ്മി പാര്‍ട്ടി നടത്തുന്നത്. പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് അരവിന്ദ് കെജ്രിവാളിനെ ഔദ്യോഗിക വസതിയില്‍ വെച്ച് ഇഡി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷമാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ഇന്ന് രണ്ടു മണിയോടെ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും.
കെജ്രിവാളിന്റെ ചോദ്യം ചെയ്യല്‍ ഡല്‍ഹി ഇഡി ആസ്ഥാനത്ത് തുടരുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അഡീഷനല്‍ ഡയറക്ടര്‍ കപില്‍ രാജാണ് ചോദ്യം ചെയ്യുന്നത്. ബിആര്‍എസ് നേതാവ് കെ.കവിതയ്‌ക്കൊപ്പം കെജ്രിവാളിനെ ചോദ്യം ചെയ്യും.