കേരളം
ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്തിട്ടുണ്ടോ? നിങ്ങളുടെ പേരില്‍ എത്ര സിം കാര്‍ഡ് ഉണ്ടെന്ന് അറിയാം; ചെയ്യേണ്ടത് ഇത്രമാത്രം
ഡിജിറ്റല്‍ യുഗത്തില്‍ ആധാര്‍ കാര്‍ഡ് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിട്ടുണ്ട്. ബാങ്ക് വായ്പ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് ആദ്യം ചോദിക്കുന്നത് ആധാര്‍ കാര്‍ഡാണ്. പ്രാധാന്യം വര്‍ധിച്ചത് കൊണ്ട് തന്നെ ആധാര്‍ കാര്‍ഡിന്റെ ദുരുപയോഗവും വര്‍ധിച്ചിട്ടുണ്ട്. പലപ്പോഴും തങ്ങളുടെ ആധാര്‍ കാര്‍ഡ് മറ്റു ചിലര്‍ ദുരുപയോഗം ചെയ്യുന്നതായി അറിയണമെന്നില്ല. ചിലപ്പോള്‍ മറ്റുള്ളവര്‍ ആധാര്‍ കാര്‍ഡ് ഉടമയുടെ പേരില്‍ വായ്പയോ സിം കാര്‍ഡോ വരെ എടുത്ത് തട്ടിപ്പിന് ഇരയാക്കിയെന്നും വരാം.
തട്ടിപ്പ് തടയുന്നതിന് 2019ലാണ് സിം കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയം നിര്‍ദേശിച്ചത്. ആധാര്‍ കാര്‍ഡ് ഉടമ അറിയാതെ അവരുടെ പേരില്‍ സിം കാര്‍ഡ് എടുത്ത് ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. കൂടാതെ തങ്ങളുടെ പേരില്‍ എത്ര സിംകാര്‍ഡ് ഉണ്ടെന്ന് തിരിച്ചറിയാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ഒരു വെബ്സൈറ്റിനും രൂപം നല്‍കിയിട്ടുണ്ട്. വെബ്സൈറ്റില്‍ കയറി വിവരങ്ങള്‍ കൈമാറിയാല്‍ തങ്ങളുടെ പേരില്‍ ആരെങ്കിലും സിംകാര്‍ഡ് എടുത്തിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും.
tafcop.dgtelecom.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കുക
മൊബൈല്‍ നമ്പര്‍ നല്‍കുക
ഒടിപി റിക്വിസ്റ്റില്‍ ക്ലിക്ക് ചെയ്യുക
ഒടിപി നമ്പര്‍ നല്കിയ ശേഷം വാലിഡേറ്റില്‍ ക്ലിക്ക് ചെയ്യുക
പേരിന്റെയോ ആധാര്‍ നമ്പറിന്റെയോ അടിസ്ഥാനത്തില്‍ അനുവദിച്ചിരിക്കുന്ന സിം നമ്പര്‍ അറിയാന്‍ സാധിക്കും
പട്ടികയില്‍ അജ്ഞാത നമ്പര്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇടതുവശത്തുള്ള ചെക്ക് ബോക്സില്‍ ക്ലിക്ക് ചെയ്ത് പുതിയ നമ്പര്‍ റിപ്പോര്‍ട്ട് ചെയ്യുക
തുടര്‍ന്ന് ടെലികോം സേവനദാതാക്കളെ വിളിച്ച് നമ്പര്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടി സ്വീകരിക്കുക