കേരളം
അരികൊമ്പന്റെ തുമ്പിക്കൈയിൽ മുറിവ്; കമ്പത്ത് കാട്ടിയത് കനത്ത പരാക്രമം
കമ്പം ടൗണിലേക്ക് ഇറങ്ങിയ അരിക്കൊമ്പന്റെ തുമ്പികൈയിൽ വലിയ മുറിവ്. മുറിവ് എങ്ങനെയുണ്ടായതെന്ന കാര്യത്തിൽ വനംവകുപ്പിന് അറിവില്ല. മുറിവ് ഏതെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണം മൂലമാണോ അതോ പരാക്രമത്തിനിടയിൽ പറ്റിയതാണോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
അരികൊമ്പന് മുറിവ് ഉള്ളതായി ആരുടെയും ശ്രദ്ധയിൽപെട്ടിരുന്നില്ല. മുൻപ് മേഘമലയിൽ എത്തിയപ്പോൾ ഇത്തരമൊരു മുറിവ് ഉണ്ടായിരുന്നതായി അവിടുത്തെ തോട്ടം തൊഴിലാളികളുടെയോ ജനങ്ങൾക്കോ അറിവില്ല.
രാവിലെ കമ്പം ടൗണില്‍ ഇറങ്ങിയ അരിക്കൊമ്പന്‍ അഞ്ച് വാഹനങ്ങള്‍ അരിക്കൊമ്പന്‍ തകര്‍ത്തു. ആനയെക്കണ്ട് ഭയന്നോടിയ ഒരാള്‍ക്ക് വീണ് പരിക്കേറ്റു. ലോവര്‍ ക്യാമ്പില്‍നിന്ന് കമ്പം ടൗണിലേക്ക് നീങ്ങുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം വനമേഖലയിലായിരുന്ന അരിക്കൊമ്പന്‍ ഇന്ന് കാര്‍ഷികമേഖലയും കടന്നാണ് കമ്പം ടൗണിലെത്തിയത്. ഇതോടെ തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. കമ്പം ടൗണിലെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലൂടെയാണ് അരിക്കൊമ്പന്‍ നീങ്ങുന്നത്.
അതേസമയം തമിഴ്‌നാട് കമ്പത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാന്‍ ഉത്തരവിട്ട് തമിഴ്‌നാട് സര്‍ക്കാര്‍. നാളെ അതിരാവിലെയാണ് ദൗത്യം. ഇതേതുടര്‍ന്ന് കമ്പം മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആകാശത്തേക്ക് വെടിവച്ചതിനെ തുടര്‍ന്ന് വിരണ്ടോടിയ ആന കമ്പത്തെ തെങ്ങിന്‍ തോപ്പിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്.