ആരോഗ്യം
‘കൊവിഡിന് ശേഷം രോഗികളെ ബാധിക്കുന്നൊരു പ്രശ്നം’; പ്രധാനപ്പെട്ട കണ്ടെത്തലുമായി പഠനം
കൊവിഡ് 19 നിലവില്‍ ഭീഷണി ഉയര്‍ത്തുന്നില്ല എന്ന വിലയിരുത്തലിലാണ് ലോകരാജ്യങ്ങളെല്ലാം തന്നെ മുന്നോട്ടുപോകുന്നത്. ജനിതകവ്യതിയാനം സംഭവിച്ച പല വൈറസ് വകഭേദങ്ങളും ഇതിനിടെ വരുന്നുണ്ട്. ഇവയില്‍ ചിലതെങ്കിലും ചെറിയ ആശങ്കയൊക്കെ സൃഷ്ടിക്കുന്നതാണ്. എങ്കില്‍പ്പോലും, കൊവിഡ് ഉയര്‍ത്തുന്ന വലിയ വെല്ലുവിളി ഇപ്പോഴില്ല എന്നുതന്നെ പറയാം.
അതേസമയം കൊവിഡ് പിടിപെട്ടതിന് ശേഷം പിന്നീട് രോഗികളില്‍ കാണുന്ന അനുബന്ധപ്രശ്നങ്ങള്‍ എപ്പോഴും ആശങ്ക സൃഷ്ടിക്കുന്നതാണ്. പ്രത്യേകിച്ചും ഇത് സംബന്ധിച്ച് ആധികാരികവും കൃത്യമായതുമായ വിവരങ്ങള്‍ ഇന്നും ലഭ്യമല്ലാത്ത സാഹചര്യത്തില്‍.
അതായത് കൊവിഡിന് ശേഷം എന്തെല്ലാം പ്രശ്നങ്ങള്‍, രോഗങ്ങള്‍ നമ്മെ ബാധിക്കാമെന്നതിന് ഏകീകരിക്കപ്പെട്ട ഒരു ഡാറ്റ ഇല്ല. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍, ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, തലച്ചോറിനെ ബാധിക്കുന്ന ബ്രെയിൻ ഫോഗ് എന്നിങ്ങനെ പല പ്രശ്നങ്ങളും ഇക്കൂട്ടത്തിലുള്ളതായി വിദഗ്ധരും പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.
അതേസമയം കൊവിഡ് പിടിപെട്ടവരില്‍ അതിന് ശേഷം ആറ് മാസം കഴിയുമ്പോള്‍ ബിപി (രക്തസമ്മര്‍ദ്ദം) വരാനുള്ള സാധ്യതയാണ് ഇപ്പോഴൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. ‘അമേരിക്കൻ ഹാര്‍ട്ട് അസോസിയേഷ’ന് കീഴില്‍ വരുന്ന ‘ഹൈപ്പര്‍ടെൻഷൻ’ എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.
നേരത്തെ ബിപി ഇല്ലാത്തവരില്‍ പോലും കൊവിഡ് അനുബന്ധമായി ബിപി പിടിപെടാമെന്നും പഠനം അവകാശപ്പെടുന്നു. ഏതാണ്ട് അമ്പതിനായിരത്തോളം കൊവിഡ് രോഗികളെ വച്ചാണ് ഗവേഷകര്‍ ഈ പഠനം നടത്തിയിരിക്കുന്നത്. ഇവരില്‍ നല്ലൊരു വിഭാഗം പേരിലും കൊവിഡാനന്തരം ബിപി പിടിപെട്ടു എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
നാല്‍പത് വയസ് കടന്നവര്‍, പുരുഷന്മാര്‍, കറുത്തവര്‍, നേരത്തെ പല തരം ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ എന്നീ വിഭാഗക്കാര്‍ക്കിടയില്‍ കൊവിഡാനന്തരം ബിപി പിടിപെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനം അവകാശപ്പെടുന്നു.
പഠനത്തിനായി തെരഞ്ഞെടുത്ത രോഗികളില്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയവരില്‍ 21 ശതമാനം പേരില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ ബിപി കണ്ടെത്തിയത്രേ. കൊവിഡ് ബാധിച്ചിട്ടും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടിയൊന്നും വരാതിരുന്ന രോഗികളില്‍ 11 ശതമാനം പേരെയും ബിപി ബാധിച്ചുവത്രേ.
നേരത്തെ ബിപിയുള്ളവരിലാണെങ്കില്‍ കൊവിഡ് കാര്യമായി ബാധിക്കുമെന്നത് മുമ്പ് തന്നെ പല പഠനങ്ങളും വ്യക്തമാക്കിയിട്ടുള്ളതാണ്. ബിപി അഥവാ രക്തസമ്മര്‍ദ്ദം ഒട്ടും നിസാരമാക്കി തള്ളിക്കളയാവുന്ന പ്രശ്നമല്ല. ഹൃദയാഘാതം അടക്കമുള്ള ഗൗരവതരമായ അവസ്ഥകളിലേക്ക് നമ്മെ നയിക്കാനും ബിപി കാരണമാകും.