കേരളം
എ.എന്‍. ഷംസീറിന്റെ ഭാര്യ സഹലയ്ക്ക് സ്ഥിര നിയമനം നേടിയെടുക്കാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സിപിഎം നേതാവ് എ.എന്‍. ഷംസീറിന്റെ ഭാര്യയ്ക്ക് നിയമനം നേടിയെടുക്കാനുള്ള നീക്കത്തിന് തിരിച്ചടി. മെയ് ഏഴ് വരെ തസ്തികയിലേക്ക് സ്ഥിര നിയമനം നടത്താന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിറക്കി. സര്‍വ്വകലാശാല എച്ച് ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് ഷംസീറിന്റെ ഭാര്യ സഹലയെ സ്ഥിര നിയമനം നടത്തുന്നതിനായാണ് നീക്കം നടത്തിയത്.
ഷംസീറിന്റെ ഭാര്യ ഡോ. ഷഹലയടക്കം 30 പേരെയാണ് ഈ തസ്തികയിലേക്ക് പരിഗണിക്കുന്നത്. ഷംസീറിന്റെ ഭാര്യ ഷഹലയെ മാനദണ്ഡം മറികടന്ന് നിയമിക്കാന്‍ നീക്കമുണ്ടെന്ന് കാണിച്ച് ഉദ്യോഗാര്‍ത്ഥിയായ എം.പി. ബിന്ദുവാണ് ഹൈക്കോടതിയെ സമീപിച്ചത്.ഏപ്രില്‍ 16നാണ് ഈ തസ്തികയിലേക്ക് 30 ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖപരീക്ഷ നടന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഇങ്ങനെയൊരു അഭിമുഖപരീക്ഷ നടത്തിയത് ഷംസീറിന്റെ ഭാര്യയെ നിയമിക്കുന്നതിന് വേണ്ടിയാണ്.
കൂടാതെ ഡയറക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്താതെയാണ് ഇപ്പോള്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നത്. പിന്‍വാതില്‍ നിയമനത്തിനുള്ള ശ്രമമാണെന്ന് ഇതിന് പിന്നിലെന്നുമാണ് ആക്ഷേപം. ഇതോടെ സേവ് യൂണിവേഴ്‌സിറ്റി ഫോറം ഇതിനെതുിരെ പരാതി നല്‍കുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പോലും ലംഘിച്ച് അഭിമുഖ പരീക്ഷ നടത്തിയതിനു പിന്നില്‍ സ്ഥാപിത തല്‍പ്പര്യമുണ്ടെന്ന് സംശയിക്കുന്നു എന്നായിരുന്നു പരാതിക്കാരി ഹൈക്കോടതിയില്‍ ആരോപിക്കുന്നത്.
എച്ച്‌ആര്‍ഡി സെന്ററിന്റെ കീഴില്‍ കേരളത്തില്‍ എവിടെയും ഇങ്ങനെയൊരു അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്ല. അങ്ങനെയൊരു തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നത് പിന്‍വാതില്‍ നിയമനത്തിനാണ്. സംസ്ഥാനസര്‍ക്കാരിന്റെ ഒത്താശയോടെ ഇങ്ങനെയൊരു നീക്കം നടത്തുന്നത് സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കാനാണെന്നും ഹര്‍ജിക്കാരി കോടതിയില്‍ പറഞ്ഞു.