കേരളം
കാസര്‍കോട് ലഹരിമരുന്നായ എംഡിഎംഎയുമായി ഒരാള്‍ അറസ്റ്റിലായി
കാസര്‍കോട് ലഹരിമരുന്നായ എംഡിഎംഎയുമായി ഒരാള്‍ അറസ്റ്റിലായി. 28.5 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. പുലർച്ചെ 3.15ന് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഹോസ്ദുർഗ് തുരുത്തിയിൽ വച്ചാണ് പടന്ന സ്വദേശി റസീൽ എന്നയാളെ എംഡിഎംഎയുമായി പിടികൂടിയത്.
ബംഗളൂരുവില്‍ നിന്ന് കൊണ്ടുവരുന്ന എംഡിഎംഎ ചെറിയ പായ്ക്കറ്റുകളിലാക്കി പ്രതി വില്പന നടത്തിയിരുന്നു. നീലേശ്വരം എക്സൈസ് ഇൻസ്‌പെക്ടർ സുധീർ നേതൃത്വം കൊടുത്ത സംഘത്തിൽ പ്രിവന്‍റീവ് ഓഫീസർമാരായ സതീശൻ നാലുപുരക്കൽ, സി കെ വി സുരേഷ്, സി ഇ ഒമാരായ പ്രസാദ്, ശൈലേഷ് കുമാർ, സുനിൽകുമാർ, വനിത സി ഇ ഒ ഇന്ദിര കെ, ഡ്രൈവർ ദിജിത് എന്നിവരും ഉണ്ടായിരുന്നു.
അതേസമയം, വാടക വീട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയ യുവാവ് കഴിഞ്ഞ ദിവസം കോഴിക്കോട് പിടിയിലായിരുന്നു. എം ഡി എം എ യുമായി മാങ്കാവ് വാളക്കടത്താഴം വണ്ടികകം വീട്ടിൽ ജാബിർ അലി (22) ആണ അറസ്റ്റിലായത്. കോട്ടൂളി പനാത്തുതാഴത്തുള്ള വാടക വീട് കേന്ദ്രീകരിച്ചായിരുന്നു പ്രതി ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നത്. കോഴിക്കോട് സിറ്റി ആന്റി നാർക്കോട്ടിക് അസിസ്റ്റൻറ് കമ്മീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോസും മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വിപണിയിൽ ഏകദേശം ഒരു ലക്ഷം രൂപയോളം വില വരുന്ന ലഹരി മരുന്നുമായി പ്രതിയെ പിടികൂടിയത്.
കേരളത്തിന് പുറത്തുനിന്നും വലിയ അളവിൽ എംഡിഎംഎ എത്തിക്കുകയും വീട്ടിൽ വച്ച് തന്നെ 5 ഗ്രാം 10 ഗ്രാം പായ്ക്കറ്റുകൾ ആക്കി ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുന്ന രീതിയാണ് പ്രതിയുടേത്. കഴിഞ്ഞ കുറേ ദിവസങ്ങളായി പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ജാബിർ അലി. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ വിലപ്പെട്ട പല തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടക്കുമെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നുമാണ് പൊലീസ് വ്യക്തമാക്കി.