ദേശീയം
ദില്ലിയിൽ ഹൈവേയിൽ മോഷണ ശ്രമത്തിനിടെ ബസ് ഡ്രൈവർക്ക് വെടിയേറ്റു
ദില്ലിയിൽ ഹൈവേയിൽ മോഷണ ശ്രമത്തിനിടെ ബസ് ഡ്രൈവർക്ക് വെടിയേറ്റു. കയ്യിൽ വെടിയേറ്റിട്ടും ഡ്രൈവർ 30 കിലോമീറ്ററോളം ദൂരം യാത്ര ചെയ്ത് ബസ് പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ക്ഷേത്രദർശനം കഴിഞ്ഞ് അമരാവതിയിൽ നിന്ന് നാഗ്പൂരിലേക്ക് പോകുകയായിരുന്ന മിനി ബസ്സിലെ ഡ്രൈവർക്കു നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ അന്വേഷണസംഘം രൂപീകരിച്ചതായി പൊലീസ് അറിയിച്ചു.
കാറിലെത്തിയ ഒരു സംഘം മിനിബസിന് നേരെ വെടിയുതിർക്കുകയും ഇത് തടയാൻ ശ്രമിച്ചപ്പോൾ തന്നെ വെടിവെച്ചതായും ബസ് ഡ്രൈവർ ഖോംദേവ് കവാഡെ പറഞ്ഞു. തൻ്റെ കൈയ്‌ക്ക് പരിക്കേറ്റെങ്കിലും ബസ് നിർത്താതെ ഡ്രൈവിംഗ് തുടരുകയായിരുന്നു. 30 കിലോമീറ്റർ ദൂരം ബസ്സോടിച്ച് പിന്നീട് ബസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉത്തർപ്രദേശ് രജിസ്ട്രേഷനിലുള്ള ബൊലേറോയിലാണ് അക്രമികൾ എത്തിയത്. അമരാവതിയിൽ നിന്നും കാർ തന്റെ വാഹനത്തെ പിന്തുടരുകയായിരുന്നുവെന്ന് ഖോംദേവ് പറയുന്നു. വാഹനത്തിന് സഞ്ചരിക്കാനായി സ്ഥലം നൽകിയെങ്കിലും കാർ മുന്നോട്ടെടുത്തില്ല. പിന്നീട് കുറച്ച് സമയത്തിന് ശേഷം തനിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഖോംദേവ് പറഞ്ഞു.