ക്രൈം
കുരുമുളക് പറിക്കുന്നതിനിടെ തെറിവിളിയുമായെത്തിയ അയൽവാസിയുടെ കുത്തേറ്റ് 27കാരന് ദാരുണാന്ത്യം
കോട്ടയം മുണ്ടക്കയം ഇഞ്ചിയാനിയിൽ യുവാവിനെ അയൽവാസി കുത്തിക്കൊന്നു. സ്ഥിരം പ്രശ്നക്കാരനായ ബിജോയിയാണ് കേവലം ഇരുപത്തിയേഴ് വയസ് മാത്രമുള്ള ജോയലിനെ സ്വന്തം വീട്ടുവളപ്പിലിട്ട് കുത്തിക്കൊന്നത്. ഇഞ്ചിയാനി ആലുംമൂട്ടില്‍ ജോജോ -ഫിലോമിന ദമ്പതികളുടെ മകന്‍ ജോയല്‍ ജോസഫ് ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് ആക്രമിക്കപ്പെട്ടത്.
ജോയല്‍ വീടിനോടു ചേര്‍ന്നുളള പുരയിടത്തില്‍ നിന്നും കാപ്പിക്കുരു പറിക്കുന്നതിനിടയില്‍ അതുവഴി വന്ന ബിജോയി അസഭ്യം പറയുകയും സംഘർഷാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. തുടർന്ന് കൈയിൽ കരുതിയിരുന്ന പിച്ചാത്തി കൊണ്ട് ജോയലിനെ കുത്തുകയായിരുന്നു. ജോയലിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ജോയലിനെ ഇരുപത്തിയാറാംമൈലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതകത്തിനുശേഷം സ്വന്തം വീട്ടിലെത്തിയ ബിജോയ് കതകടച്ച് വീട്ടിനുളളില്‍ ഇരിക്കുകയായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ബിജോയ് നാട്ടിൽ പൊതുശല്യമാണെന്ന് നാട്ടുകാർ പറയുന്നു. സ്ഥിരം മദ്യപാനിയായ ബിജോയ് ഉണ്ടാക്കിയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുമ്പും നാട്ടുകാരിൽ പലരും പോലീസിനെ സമീപിച്ചിട്ടുണ്ട്. വിദേശത്തുള്ള ജോബിനാണ് ജോയലിന്റെ ഏക സഹോദരൻ. സംസ്‌കാരം ഞായറാഴ്ച 2 മണിക്ക് ഇഞ്ചിയാനി ഹോളി ഫാമിലി പളളി സെമിത്തേരിയില്‍ നടക്കും.
മറ്റൊരു സംഭവത്തില്‍ കോട്ടയം മണർകാട് ഭഗത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. മണർകാട്, പറന്പുകര സ്വദേശി ടോണി ഇ.ജോർജ് എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്ക് കറുകച്ചാൽ, അയർക്കുന്നം എന്നീ സ്റ്റേഷനുകളിൽ അടിപിടി, മോഷണം സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, തുടങ്ങിയ കേസുകള്‍ നിലവിലുണ്ടന്ന് പൊലീസ് വിശദമാക്കി.