കേരളം
കോവിഡ് വാക്‌സിനെതിരെ കുപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്
കോവിഡ് വാക്‌സിനെതിരെ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം. തെറ്റായ പ്രചാരണം തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയില്‍ സംശയം ഉന്നയിച്ച് നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയ രണ്ട് കോവിഡ് വാക്‌സിനുകളും സുരക്ഷിതമാണ് എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നാഷണല്‍ റെഗുലേറ്ററി അതോറിറ്റിയാണ് രണ്ട് വാക്‌സിനുകളും സുരക്ഷിതമാണെന്നും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതാണെന്നും സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തില്‍ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചത്.
ചില സ്ഥാപിത താത്പര്യക്കാര്‍ ഇത്തരത്തില്‍ തെറ്റായ പ്രചാരണം നടത്തുന്നത് ജനങ്ങളില്‍ വലിയ തോതില്‍ കോവിഡ് വാക്‌സിനെതിരെ സംശയം ഉയരാന്‍ ഇടയാക്കും. ഇത്തരത്തിലുള്ള തെറ്റായ പ്രവൃത്തികള്‍ തടയേണ്ടതുണ്ട് എന്ന് കത്തില്‍ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
തെറ്റായ പ്രചാരണം പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണം. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും കത്തില്‍ ആവശ്യപ്പെട്ടു. ദുരന്ത നിവാരണ നിയമം അനുസരിച്ച് നടപടി സ്വീകരിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇത്തരത്തിലുള്ള ക്രുപ്രചാരണങ്ങളില്‍ ജനങ്ങള്‍ വീണുപോകരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.