കേരളം
തീരത്ത് അടിഞ്ഞത് 32 മൃതദേഹങ്ങൾ: 15 കി.മീ അകലെയും ശരീര അവശിഷ്ടങ്ങൾ
വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടി കുത്തിയൊലിച്ച മലവെള്ളം ചാലിയാറിനെ ചാവുപുഴയാക്കി. പുഴയുടെ തീരത്തുനിന്ന് ചൊവ്വാഴ്ച കണ്ടെടുത്തത് 32 മൃതദേഹങ്ങളാണ്. കരയ്ക്കടിയാതെ ഒഴുകിപ്പോയവ അതിലേറെയുണ്ടാകുമെന്നാണ് കരുതുന്നത്. 25 ശരീര ഭാഗങ്ങളും കണ്ടെടുത്തു.
19 പുരുഷന്മാരുടെയും 11 സ്ത്രീകളുടെയും രണ്ട് ആൺകുട്ടികളുടെയും മൃതദേഹങ്ങളാണ് പുഴയിൽനിന്ന് കിട്ടിയത്. ഇതിൽ 26 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പൂർത്തിയായി. ചൊവ്വാഴ്ച വൈകീട്ട് ആറോടെ മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു.
ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് മുണ്ടക്കൈയിൽ ഉരുൾപൊട്ടുന്നത്. മലവെള്ളം ഒഴുകിയെത്തിയതോടെ ചാലിയാർ ഉഗ്രരൂപിയായി. എല്ലാം തകർത്തുകൊണ്ടുള്ള ഒഴുക്കിൽ, ഒന്നുമറിയാതെ കിടന്നുറങ്ങിയവരെയെല്ലാം കോരിയെടുത്തു. പുലർച്ചെ വെള്ളം അല്പം ഇറങ്ങിയപ്പോഴാണ് സംഭവത്തിന്റെ ഭയാനകത നാട്ടുകാർ അറിയുന്നത്.
ഭൂദാനം ഭാഗത്ത് ഒരു ചെറിയ കുട്ടിയുടെ മൃതദേഹഭാഗമാണ് കരയ്ക്കടിഞ്ഞതായി നാട്ടുകാർ ആദ്യം കണ്ടത്. അതോടെ അവർ തിരച്ചിൽതുടങ്ങി. വാണിയമ്പുഴ പുഴയോരത്ത് ആറു മൃതദേഹഭാഗങ്ങൾ കണ്ടതായി അവിടുത്തെ ആദിവാസികൾ അറിയിച്ചു. പിന്നെ ഓരോരോ ഭാഗത്തുനിന്നായി മൃതദേഹഭാഗങ്ങൾ ലഭിക്കാൻ തുടങ്ങി. അതോടെ നാട്ടുകാർ പോലീസിനെയും മറ്റധികൃതരെയും അറിയിച്ചു. അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും നാട്ടുകാരും വിവിധ സംഘടനാ പ്രവർത്തകരുമെല്ലാം കൈമെയ് മറന്നു നടത്തിയ തിരച്ചിലിലാണ് ഇത്രയും മൃതദേഹങ്ങൾ കണ്ടെടുത്തത്.
പൂർണരൂപത്തിലുള്ള ഒരു ദേഹമേ ലഭിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം ഉരുണ്ടുവന്ന പാറകളിൽ കുടുങ്ങിയും ഇടിച്ചും മുറിഞ്ഞ് വികൃതമായ നിലയിലാണ്. കൈകാലുകളും ശിരസ്സുകളുമെല്ലാം പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. ഏതെല്ലാം മേഖലയിലുള്ളവരാണ് ഒഴുക്കിൽപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഓരോ ഭാഗത്തുനിന്നും ലഭിച്ച മൃതദേഹഭാഗങ്ങൾ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് അതിശക്തമായ ഒഴുക്കിനെ മറികടന്ന് ഡിങ്കികളിൽ കരയിലെത്തിച്ചത്. പിന്നീട് ആംബുലൻസുകളിലും പിക്കപ്പുകളിലും ജീപ്പുകളിലുമായി നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. മൃതദേഹങ്ങൾ ഇപ്പോൾ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിലെ കാണാതായവരുടെ മൃതദേഹഭാഗങ്ങൾ കിലോമീറ്ററുകൾ ഒഴുകിയാണ് മുണ്ടേരിയിലെത്തിയത്. ഏകദേശം 15-20 കിലോമീറ്ററുകളെങ്കിലും ശക്തമായ കുത്തൊഴുക്കിൽ വനമേഖലയിലൂടെ മൃതദേഹങ്ങൾ ഒഴുകിയിട്ടുണ്ട്. അതുകൊണ്ടാണ് മിക്കവയും ഛിന്നഭിന്നമായതും. ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലൂടെയൊഴുകുന്ന ചൂരൽമലപ്പുഴ (കള്ളാടിപ്പുഴ) ഏതാനും കിലോമീറ്ററുകൾ കൂടി ഒഴുകി അരുണപ്പുഴയും സൂചിപ്പാറ വെള്ളച്ചാട്ടത്തിലെ വെള്ളവും താഴേക്കൊഴുകിയാണ് ചാലിയാറായി രൂപപ്പെടുന്നത്. ചൂരൽമല ഭാഗത്തുനിന്നുള്ള മറ്റൊരു പുഴയായ ഏറാട്രപുഴയും ഒടുവിലെത്തുന്നത് ചാലിയാറിൽത്തന്നെ.
മേപ്പാടിയിൽനിന്നുള്ള മറ്റു ചെറുപുഴകളും ചേർന്ന് ഒഴുകി 15 കിലോമീറ്ററോളം വനനത്തിലൂടെ ഒഴുകിയാണ് മുണ്ടേരിയിലെത്തുന്നത്. അപകടംനടന്ന സ്ഥലത്തുനിന്നുള്ള അവശിഷ്ടങ്ങൾ അതുകൊണ്ടു തന്നെ ഒഴുകിയെത്തുക ചാലിയാറിലേക്കു മാത്രമാണ്.
ചൂരൽമലയിൽനിന്ന് വനത്തിലൂടെ ഒഴുകിയെത്തുന്ന ചൂരൽമലപ്പുഴ തുടർന്ന് കുത്തനെയുള്ള മലമ്പ്രദേശങ്ങളിലൂടെ ഒഴുകിയാണ് ചാലിയാറിലേക്കെത്തുന്നത്. മുണ്ടേരി വനമേഖലയിലൂടെ ഒഴുകുന്ന ചാലിയാർ ചെങ്കുത്തായ മലനിരകളിലൂടെ ഒഴുകുന്നതിനാലാണ് പുലർച്ചെ രണ്ടുമണിയോടെ മുണ്ടക്കൈയിലുണ്ടായ അപകടത്തിന്റെ അവശിഷ്ടങ്ങൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽതന്നെ മുണ്ടേരി വനമേഖലയിൽ ചാലിയാറിലെത്തുന്നത്.
ചാലിയാറിന്റെ തീരത്തണഞ്ഞ മൃതദേഹങ്ങളുടെയെല്ലാം ശരീരത്തിൽ വലിയ പരിക്കുകളാണുള്ളത്. പല മൃതദേഹങ്ങളിലും ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളുമില്ല. കാലും കൈകളും മാത്രമായും തലയില്ലാതെയും അരയ്ക്കുതാഴെയുള്ള ഭാഗങ്ങളില്ലാതെയുമാണ് മൃതദേഹങ്ങൾ ഒഴുകിയെത്തിയത്. വനത്തിലൂടെയുള്ള ഒഴുക്കിൽ മരങ്ങളിലും പാറക്കെട്ടുകളിലും ശക്തമായി ഇടിച്ചെത്തിയ മൃതദേഹങ്ങളുടെ പല ഭാഗത്തും മുറുവുകളുമുണ്ട്.
മലപ്പുറത്തുനിന്നു പോകുമ്പോൾ തമിഴ്‌നാട് നാടുകാണി ചുരം കയറി ദേവാല, പന്തല്ലൂർ, മേപ്പാടി വഴി വടുവൻചാൽ-കൽപ്പറ്റ റൂട്ടിൽനിന്ന് തിരിഞ്ഞാണ് ചൂരൽമലയിലേക്കെത്തുക. എന്നാൽ, മുണ്ടേരി മേഖലയിൽനിന്ന് അപ്പൻകാപ്പ് വനമേഖലയിൽക്കൂടി നേരിട്ടു നടന്നുപോയാൽ ചൂരൽമലയിലെത്താം. തമിഴ്‌നാട്ടിലെ ദേവാല, പന്തല്ലൂർ തുടങ്ങിയ മേഖലയിൽ പെയ്യുന്ന മഴവെള്ളവും ഒഴുകിയെത്തുക ചാലിയാറിലേക്കാണ്.