കേരളം
വാഹനങ്ങളിലെ സര്‍ക്കാര്‍ മുദ്ര; നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി
വാഹനങ്ങളില്‍ നിയമവിരുദ്ധമായി സര്‍ക്കാര്‍ മുദ്രയുള്ള ബോര്‍ഡ് ഉപയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് മുന്നറിയിപ്പ് നല്‍കിയത്.
നിയമവിരുദ്ധമായി വാഹനത്തില്‍ ബോര്‍ഡ് വെക്കുന്ന കസ്റ്റംസ്, ഇന്‍കംടാക്‌സ്, സെന്‍ട്രല്‍ എക്‌സ്സൈസ് ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഉദ്യോഗസ്ഥരുടെ പദവി രേഖപ്പെടുത്തി ബോര്‍ഡ് വെക്കുന്നതും നിയമ വിരുദ്ധമാണ്. എറണാകുളത്ത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് നിയമലംഘനം നടത്തുന്നതെങ്കില്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടറിമാരാണ് നിയമലംഘനം നടത്തുന്നതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ചവറ കെ എം എം എല്‍ എംഡിയുടെ വാഹനം ആലുവ മേല്‍പ്പാലത്തിലൂടെ ലൈറ്റിട്ട് അമിത വേഗത്തില്‍ പോയ സംഭവത്തില്‍ എന്‍ഫോഴ്‌സമെന്റ് ഓഫീസറുടെ പരിശോധനാ റിപ്പോര്‍ട്ട് അടുത്ത തവണ ഹര്‍ജി പരിഗണിക്കുമ്പോള്‍ നല്‍കണമെന്നും കോടതി പറഞ്ഞു.