കേരളം
BSNL ലേക്ക് തകൃതിയായി പോർട്ടിംഗ്; ഒരാഴ്ചയ്‌ക്കിടെ വരിക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്
സംസ്ഥാനത്ത് വൻ കുതിപ്പുമായി ബിഎസ്എൻഎൽ. ജിയോ, എയർടെൽ, വിഐ എന്നീ കമ്പനികളിൽ നിന്ന് ബിഎസ്എൻഎല്ലിലേക്ക് വരുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൻ വൻ വർദ്ധന രേഖപ്പെടുത്തി. കേരളത്തിലാണ് പോർട്ടിംഗ് തകൃതിയായി നടക്കുന്നത്.
സ്വകാര്യ മൊബൈൽ സേവനദാതാക്കൾ കൂട്ടിയതിന് പിന്നാലെ ബിഎസ്എൻഎലിലേക്ക് വരുന്ന വരിക്കാരുടെ എണ്ണം, വിട്ടുപോകുന്നവരേക്കാൾ കൂടുതലായി മാറിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജൂലൈ 10 മുതൽ 17 വരെയുള്ള കാലയളവിൽ ബിഎസ്എൻഎലിൽ നിന്ന് വിട്ടുപോയത് 5,831 പേരാണെങ്കിൽ മറ്റ് കമ്പനികളിൽ നിന്ന് വന്നത് 5,921 പേരാണ്.
മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ വരിക്കാരെത്തിയത്. ഇവിടെ 1,107 പേരാണ് വന്നത്. ബിഎസ്എൻഎൽ വിട്ട് മറ്റ് കമ്പനികളിലേക്ക് ചേക്കേറിയത് 459 പേർ മാത്രമാണ്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് ആളുകൾ ബിഎസ്എൻഎലിലേക്ക് വന്നത്.
ബിഎസ്എൻഎൽ 4 ജി വിപണിയിലേക്ക് പുത്തൻ കുതിപ്പിന് രത്തൻ ടാറ്റ കച്ച മുറുക്കിയിറങ്ങുന്നുവെന്ന വാർത്തയും വരിക്കാരെ ആകർഷിച്ചിട്ടുണ്ട്. ടാറ്റ കൺസൾട്ടൻസി സർവീസസ് 15,000 കോടി രൂപയുടെ കരാറിലാണ് ഒപ്പുവച്ചത്. രാജ്യത്തെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.
അതേസമയം നിരക്കുവർധനയെ തുടർന്ന്, സ്വകാര്യ മൊബൈൽ കമ്പനികളിൽനിന്ന് പോർട്ട് ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതിനിടെ, സംസ്ഥാനത്ത് 4ജി വിന്യാസം വേഗത്തിലാക്കി ബി.എസ്.എൻ.എൽ. സംസ്ഥാനത്തെ 37 ടവറുകളിൽ (സൈറ്റ്) ജൂലൈ ഒന്നിന് 4ജി സേവനം ലഭ്യമായിത്തുടങ്ങി. വിവിധ ജില്ലകളിലെ 599 ടവറുകളിൽ 4ജി ഉപകരണങ്ങളുടെ ഇൻസ്റ്റലേഷൻ പൂർത്തിയായി.
കേരളത്തിൽ ആകെയുള്ള 6900 ബി.എസ്.എൻ.എൽ ടവറുകളിൽ 4500ഉം ഡിസംബറോടെ പൂർണമായും 4ജിയിലേക്കു മാറുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ, 1046 ബി.എസ്.എൻ.എൽ ടവറുകളാണ് കേരളത്തിൽ 4ജി സേവനം നൽകുന്നത്. കൊച്ചി, ആലപ്പുഴ, കോഴിക്കോട്, കോട്ടയം നഗരങ്ങളിൽ 4ജി സേവനം ലഭ്യമാണ്. തിരുവനന്തപുരമടക്കമുള്ള മറ്റു നഗരങ്ങളിൽ വിന്യാസം അന്തിമഘട്ടത്തിലാണ്.