ക്രൈം
തിരുവനന്തപുരത്ത് സർക്കാർ ഉദ്യോഗസ്ഥനെ സുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
തിരുവനന്തപുരം വെള്ളറടയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സുഹൃത്തിന്റെ വീടിന്റെ രണ്ടാംനിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറട സ്വദേശിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിലെ ലോക്കല്‍ ഫണ്ട് ഓഡിറ്ററുമായ ഷാജി(43) ആണ് പെണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ചത്.
കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ ഷാജിയെ കാണാതായിരുന്നു. രാവിലെ അധ്യാപികയായ ഭാര്യയെ കാറില്‍ സ്‌കൂളില്‍ കൊണ്ടുവിട്ടശേഷമാണ് ഷാജിയെ കാണാതായത്. എല്ലാദിവസവും ഇരുവരും ഒരുമിച്ചാണ് ജോലികഴിഞ്ഞ് വെള്ളറടയിലെ വീട്ടിലേക്ക് വന്നിരുന്നത്. കഴിഞ്ഞദിവസം വൈകീട്ട് ഭാര്യ നിരന്തരം ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിട്ടും ഷാജിയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഇതോടെ ബന്ധുക്കള്‍ വെള്ളറട പോലീസില്‍ പരാതി നല്‍കി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷാജിയുടെ കാര്‍ ആനപ്പാറ ആര്‍.സി. ചര്‍ച്ചിന് സമീപത്ത് റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പരിസരപ്രദേശത്താണ് ഷാജി അവസാനമെത്തിയതെന്നും വ്യക്തമായി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷാജി പെണ്‍സുഹൃത്തിന് പലതവണ ബാങ്കുകളില്‍നിന്നുള്ള ചിട്ടികള്‍ക്ക് ജാമ്യംനിന്നിരുന്നതായാണ് വിവരം. സുഹൃത്ത് ഈ തുകയൊന്നും തിരിച്ചടയ്ക്കാതായതോടെ പല ബാങ്കുകളില്‍നിന്നായി ഷാജിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരിക്കാം ഇതേ സുഹൃത്തിന്റെ വീട്ടില്‍തന്നെ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ നിഗമനം.
സംഭവസമയത്ത് വീട്ടില്‍ ആരുമില്ലായിരുന്നുവെന്നാണ് വീട്ടുടമ പോലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ വെള്ളറട പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)