കേരളം
ത്യാഗ സ്മരണയിൽ വിശ്വാസികൾ; ഇന്ന് ബലി പെരുന്നാൾ
ലോകമെമ്പാടും ഇസ്ലാം മത വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ പള്ളികളിൽ ഇന്ന് പെരുന്നാൾ നമസ്കാര ചടങ്ങുകൾ നടക്കും. മഴ മുന്നറിയിപ്പുള്ളതിനാൽ പല ജില്ലകളിലും ഇത്തവണ ഈദ് ഗാഹുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നത്.
പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഈ ദിനം. ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാൾ. ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവയ്ക്കലുമൊക്കെയായി വിശ്വാസികൾ ഒത്തു കൂടുന്നു.
ഹജ് കർമ്മം പൂർത്തിയാക്കി സൗദിയിൽ ഇന്നലെയായിരുന്നു പെരുന്നാൾ ആഘോഷം. ഒമാൻ ഒഴികെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലും ഇന്നലെ പെരുന്നാൾ ആഘോഷിച്ചിരുന്നു. രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും രാഷ്ട്രപതി ദ്രൗപതി മുർമു ഈദ് ആശംസകൾ നേർന്നു.