ക്രൈം
ആക്രിക്കച്ചവടത്തിലൂടെ ശതകോടികൾ വെട്ടിച്ച മാസ്‌റ്റർ ബ്രെയിൻ ഉസ്‌മാൻ
ആക്രി വ്യാപാരത്തിന്റെ മറവിൽ കോടികളുടെ ജി.എസ്.ടി നികുതിവെട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യസൂത്രധാരൻ പിടിയിൽ. പാലക്കാട് ഓങ്ങല്ലൂർ സ്വദേശി ഉസ്മാൻ പുള്ളക്കല്ലിനെയാണ് ജി.എസ്.ടി കൊച്ചി യൂണിറ്റിന്റെ ഇൻസ്പെക്ഷൻ വിഭാഗം പിടികൂടിയത്. ഓപ്പറേഷൻ പാംട്രീ എന്ന പേരിൽ ജി.എസ്.ടി നടത്തിയ അന്വേഷണത്തിൽ 1170കോടിയുടെ വ്യാജ ഇടപാടിലൂടെ സർക്കാരിന് ലഭിക്കേണ്ട 209കോടിരൂപ തട്ടിയെടുത്തതായി തെളിഞ്ഞു.
വ്യാജ ഇടപാട് രേഖകളുണ്ടാക്കി അതിന്റെ പേരിൽ ഇൻപുട്ട് ക്രെഡിറ്റായി പണം തട്ടിയെടുക്കുന്നതാണ് രീതി. ഉസ്മാന്റെ കൊച്ചിയിലെ സൈൻ എന്റർപ്രൈസസിലും പാലക്കാട്ടെ വീട്ടിലും നടത്തിയ റെയ്ഡിൽ നിരവധി ഇടപാട് രേഖകൾ കണ്ടെടുത്തു.ജി.എസ്.ടി വകുപ്പിലെ സെക്ഷൻ 132 /1 ഇ അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. കൊച്ചിയിലെ ജി.എസ്.ടി ഓഫീസിൽ നടന്ന പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ റിമാൻഡ് ചെയ്തു.
ചരിത്രത്തിലെ ഏറ്റവും വലിയ പരിശോധനയാണ് ജിഎസ്‌ടി വകുപ്പ് മേയിൽ നടത്തിയത്. എറണാകുളം, പാലക്കാട്, തിരുവനന്തപുരം, മലപ്പുറം അടക്കം ഏഴ് ജില്ലകളില്‍ നൂറിലേറെ ആക്രിക്കച്ചവട കേന്ദ്രങ്ങളിലായിരുന്നു പരിശോധന. വ്യാജ ബില്ലുകള്‍ ചമച്ചും ഷെല്‍കമ്പനികള്‍ രൂപീകരിച്ചും കോടികളുടെ വെട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തല്‍. ഓപ്പറേഷന്‍ പാംട്രീ എന്ന പേരിലായിരുന്നു പരിശോധന.
മുന്നൂറിലേറെ ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് പരിശോധന നടത്തിയത്. പ്രാഥമിക പരിശോധനയില്‍ അഞ്ഞൂറ് കോടി രൂപയുടെ വ്യാജ ബില്ലുകള്‍ നിര്‍മിച്ചതായി കണ്ടെത്തിയിരുന്നു. മുമ്പ് നടന്ന പരിശോധനയിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. തുടര്‍ന്നായിരുന്നു ഒരേസമയം സംസ്ഥാന വ്യാപകമായി പരിശോധന നടത്താനുള്ള തീരുമാനം.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ജി.എസ്.ടിയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കൂടി ഏകോപനത്തോടെയായിരുന്നു പരിശോധന. പാലക്കാട് ഓങ്ങല്ലൂരിലെ വിവിധ സ്ഥാപനങ്ങളിലും പരിശോധന നടന്നു. വ്യാജ ജിഎസ്ടി നമ്പര്‍ ഉപയോഗിച്ച് അനധികൃത വില്‍പന നടത്തുന്നതായാണ് കണ്ടെത്തല്‍. മറ്റ് സംസ്ഥാനങ്ങളിലടക്കം ഇവര്‍ നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.