ക്രൈം
ആവേശം സിനിമാ രീതിയിൽ പാർട്ടി, പങ്കെടുത്തത് കൊടും കുറ്റവാളികൾ
ജയിലിൽ നിന്നിറങ്ങിയതിന്റെ ആഹ്ലാദം പങ്കുവയ്ക്കാൻ പാർട്ടി നടത്തി നിരവധി കൊലപാതകക്കേസുകളിൽ പ്രതിയായ കുറ്റൂർ സ്വദേശി അനൂപ് എന്ന ഗുണ്ടാതലവൻ. കൊടും ക്രിമിനലുകൾ അടക്കം അറുപതോളം പേരാണ് പാർട്ടിയിൽ പങ്കെടുത്തത്.
അടുത്തിടെ റിലീസായ ആവേശം സിനിമയിലെ ‘എടാ മോനേ’ എന്ന ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ റീലുകളാക്കി സമൂഹമാധ്യമങ്ങളിലൂടെ ഈ പാർട്ടിയുടെ ദൃശ്യങ്ങൾ ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാർട്ടിയിലേക്കു മദ്യക്കുപ്പികൾ കൊണ്ടുപോകുന്നത് അടക്കം റീലുകളിലുണ്ട്.
‘എടാ മോനെ’ ഗുണ്ടാത്തലവന്റെ പാർട്ടി,ആവേശം പാട്ടിനു റീലുകൾ, പങ്കെടുത്തത് കൊടും കുറ്റവാളികൾ
അവണൂർ, വരടിയം, കുറ്റൂർ, കൊട്ടേക്കാട് മേഖലകളിൽ സമീപകാലത്തു ഭീതി സൃഷ്ടിച്ച പല ഗുണ്ടാ ആക്രമണക്കേസുകളിലും പങ്കെടുത്ത സംഘത്തിലെ അനൂപിനെ അടുത്തിടെ കൊലപാതകക്കേസിൽ കോടതി വിട്ടയച്ചിരുന്നു. ആഡംബരക്കാറിൽ കൂളിങ് ഗ്ലാസ് ധരിച്ച് ഇയാൾ വന്നിറങ്ങുന്നതും കൂട്ടാളികൾ സ്വാഗതം ചെയ്യുന്നതും റീലിൽ കാണാം.
അറുപതിലേറെ പേർ പാടത്ത് തമ്പടിച്ചതറിഞ്ഞ് പൊലീസ് വന്നതും ദൃശ്യങ്ങളിൽ കാണാം. ജില്ലയിൽ ക്വട്ടേഷൻ, ഗുണ്ടാ ആക്രമണങ്ങൾ വ്യാപകമായിരുന്നെങ്കിലും ഇടക്കാലത്തു നിലച്ചിരുന്നു. സമീപകാലത്തായി വീണ്ടും ഗുണ്ടാസംഘങ്ങൾ വ്യാപകമായിട്ടുണ്ട്.