ക്രൈം
സിനിമയിൽ അവസരം പറഞ്ഞ് പെൺകുട്ടികളുടെ നഗ്നത പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ
സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് പെൺകുട്ടികളുടെ നഗ്നത വീഡിയോയിൽ പകർത്തി ആയത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊബൈൽ നമ്പർ കൈക്കലാക്കി വീഡിയോ കോൾ ചെയ്ത് നഗ്നദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുകയും ആയത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് കൊല്ലം ജില്ലയിൽ മുണ്ടയ്ക്കൽ വില്ലേജിൽ കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ 22-ാം വാർഡിൽ വൈ നഗറിൽ ബദരിയ മൻസിലിൽ നിന്നും കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യ നഗറിൽ House No. 141 ൽ താമസിച്ചു വരുന്ന അബ്ദുൾ ഹക്കിം മകൻ മുഹമ്മദ് ഹാരിസ് (36) ആണ് കായംകുളം പോലീസിൻ്റെ പിടിയിലായത്.
സ്കൂളുകളിലെ അദ്ധ്യാപകരുടെ നമ്പർ കൈക്കലാക്കി സിനിമാ നിർമ്മാതാവാണെന്നു പറഞ്ഞ് ബ്രോഷർ അയച്ചു നൽകിയ ശേഷം അഭിനയിക്കാൻ താൽപര്യമുള്ള പെൺകുട്ടികളുടെ ഓഡിഷൻ നടത്താനാണെന്ന് പറഞ്ഞ് അദ്ധ്യാപകരെ കബളിപ്പിച്ച് അവരിൽ നിന്നും കൗശലപൂർവ്വം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊബൈൽ നമ്പർ കരസ്ഥമാക്കിയ ശേഷം പെൺകുട്ടികളുടെ മൊബൈൽ നമ്പറിലേക്ക് വിളിച്ച് സിനിമയിൽ അഭിനയിക്കാൻ താൽപര്യം ഉണ്ടോയെന്ന് ചോദിച്ചാണ് ചതി തുടങ്ങുക.
തുടർന്ന് സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് വീഡിയോ കോളിൽ വിളിച്ച് ഒരു രംഗം അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെടുകയും, ഒരു രംഗം അഭിനയിച്ചു കാണിക്കുമ്പോൾ നന്നായിട്ടുണ്ട് എന്നും അടുത്ത രംഗം അഭിനയിക്കാൻ വേണ്ടി ക്യാമറയ്ക്ക് മുമ്പിൽ നിന്നും ഡ്രസ്സ് മാറാൻ ആവശ്യപ്പെടുകയും മൊബൈൽ ഫോണിലെ ക്യാമറയ്ക്ക് മുമ്പിൽ നിന്നു കൊണ്ട് ഡ്രസ്സ് മാറിയത് പെൺകുട്ടികൾ അറിയാതെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യും.
കൂട്ടുകാരികൾക്ക് സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ച് അവരുടെ നമ്പരും കൈക്കലാക്കി അവരേയും ഇത്തരത്തിൽ വീഡിയോ കോൾ ചെയ്ത് നഗ്നദൃശ്യങ്ങൾ പകർത്തുകയും, പിന്നീട് ഇത് തട്ടിപ്പാണെന്ന് അറിഞ്ഞ് പെൺകുട്ടികൾ വിളിക്കുമ്പോൾ ആരോടെങ്കിലും പറഞ്ഞാൽ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമാണ് ഇയാളുടെ രീതി.
വിദ്യാഭ്യാസം കുറവായ സാധാരണക്കാരായ ആളുകളെ സ്കൂളിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് അവരെ പറ്റിച്ച് അവരുടെ പേരിൽ സിം കാർഡുകളെടുത്താണ് പ്രതി കുറ്റകൃത്യങ്ങൾ നടത്തുന്നത്. സമാന രീതിയിൽ പെൺകുട്ടികളുടെ വീഡിയോ റെക്കോർഡ് ചെയ്തതിലേക്ക് ഇയാളുടെ പേരിൽ നൂറനാട് പോലീസ് സ്റ്റേഷനിലും, കനകക്കുന്ന് പോലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്. 2020 ൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പതിന് കൊല്ലം ഇരവിപുരം പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ IPS ൻ്റെ മേൽനോട്ടത്തിൽ കായംകുളം ഡി.വൈ.എസ്.പി. അജയനാഥ്, സി.ഐ. സുധീർ എസ്.ഐമാരായ ഹാഷിം, രതീഷ് ബാബു, എ.എസ്.ഐ. ജീജാ ദേവി പോലീസുകാരായ അരുൺ, ഗിരീഷ്, ദീപക്, ഷാജഹാൻ, അഖിൽ മുരളി,ഇയാസ് മണിക്കുട്ടൻ, വിഷ്ണു, ഫിറോസ്, അനീഷ്, അഖിൽ, ഗോപകുമാർ എന്നിവരടങ്ങിയ സംഘം ദിവസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.