ക്രൈം
റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ
റഷ്യൻ മനുഷ്യക്കടത്ത് കേസിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം കഠിനംകുളം സ്വദേശികളായ അരുൺ, പ്രിയൻ എന്നിവരാണ് അറസ്റ്റിലായത്. കേരളത്തിൽ നിന്നുള്ള മനുഷ്യക്കടത്തിൽ ഇവര്‍ ഇടനിലക്കാരായി പ്രവർത്തിച്ചുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
റഷ്യന്‍ യുദ്ധമുഖത്തേക്ക് മലയാളികളെ എത്തിക്കുന്ന റഷ്യന്‍ മലയാളി അലക്സിന്‍റെ മുഖ്യ ഇടനിലക്കാരാണ് അറസ്റ്റിലായ പ്രിയനും അരുണും. തുമ്പ സ്വദേശിയായ പ്രിയന്‍ അലക്സിന്‍റെ ബന്ധുവാണ്. റഷ്യയിലേക്ക് പോകുന്നതിന് മുമ്പ് ആറു ലക്ഷത്തോളം രൂപ പ്രിയൻ ആണ് കൈപ്പറ്റിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന റിക്രൂട്ട്മെന്‍റിന് നേതൃത്വം നല്‍കിയതും പ്രിയൻ ആണ്. പ്രിയനെതിരെ റഷ്യയില്‍ നിന്നും നാട്ടിലെത്തിയവര്‍ സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ അറസ്റ്റ്.
ഇന്ന് സിബിഐയുടെ ഡല്‍ഹി യൂണിറ്റ് തിരുവനന്തപുരത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളുമായി സിബിഐ ഡല്‍ഹിയിലേക്ക് മടങ്ങി. റഷ്യ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് സെക്യൂരിറ്റി ജോലികള്‍ വാദ്ഗാനം ചെയ്താണ് ഇവര്‍ ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. ഇരയാക്കപ്പെട്ട യുവാക്കള്‍ യുക്രൈന്‍ കൂലിപ്പാട്ടാളത്തിനൊപ്പം യുദ്ധം ചെയ്യേണ്ടിയും വന്നിരുന്നു. കേസില്‍ കൂടുതല്‍ ആളുകള്‍ അറസ്റ്റിലാകാനുണ്ടെന്നാണ് സൂചന.