കേരളം
മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ
വളാഞ്ചേരിയിൽ കെഎസ്ഇബി മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് കർഷകന്റെ 1500 ഓളം കോഴികൾ ചത്തതായി പരാതി. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി തുടിമ്മൽ അബ്ദുല്ലയുടെ കോഴി ഫാമിലെ കോഴികളാണ് ചത്തത്. അറ്റകുറ്റ പണിക്കായി ഇന്നലെ അഞ്ചു മണിക്കൂറാണ് വൈദ്യുതി ഓഫ് ആക്കിയത്.
11,500 ഓളം കോഴികളെ വളർത്തുന്ന അബ്ദുല്ലയുടെ ഫാമിൽ 1500 കോഴികളാണ് ചത്തൊടുങ്ങിയത്. മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതോടെ കനത്ത ചൂടിന് ഒപ്പം വെള്ളം എത്തിക്കാൻ കഴിയാത്തതുമാണ് കോഴികൾ ചാവാൻ കാരണം. മൂന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കർഷകൻ പറഞ്ഞു.
അൽപ നേരത്തേക്കെങ്കിലും വൈദ്യുതി പുനഃസ്ഥാപിച്ചു തരണമെന്ന അബ്ദുള്ളയുടെ അപേക്ഷ നിഷ്‌കരുണം ഉദ്യോഗസ്ഥർ അവഗണിക്കുകയായിരുന്നു.
നേരത്തെ വൈദ്യുതി വിച്ഛേദിക്കുമ്പോൾ മുന്നറിയിപ്പ് സന്ദേശം ലഭിക്കാറുണ്ട്. പകരം സംവിധാനം ഒരുക്കാനും കഴിയും. ഇത്തവണ അതുണ്ടായില്ലെന്നും അബ്ദുല്ല പറഞ്ഞു.
അതേസമയം, ഭാഗികമായി മാത്രം വൈദ്യുതി വിച്ഛേദിച്ചതിനാലാണ് മുന്നറിയിപ്പ് നൽകാതിരുന്നത് എന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. സംഭവത്തിൽ നഷ്ട പരിഹാരം ആവശ്യപ്പെട്ട് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് അബ്ദുല്ല.