കേരളം
മദ്യപിച്ച് ജോലിക്കെത്തിയ 100 KSRTC ജീവനക്കാർക്ക് എതിരെ നടപടി
മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്ക് എതിരെ നടപടി. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും 26 താൽക്കാലിക ജീവനക്കാരെ സർവീസിൽനിന്നു നീക്കുകയും ചെയ്തു. കെഎസ്ആർടിസിയുടെ 60 യൂണിറ്റുകളിൽ ഏപ്രിൽ ഒന്നുമുതൽ 15 വരെ നടത്തിയ പരിശോധനയിലാണു ഡ്യൂട്ടിക്ക് മദ്യപിച്ച് എത്തുകയും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതുമായ 100 കേസുകൾ റിപ്പോർട്ട് ചെയ്തത്.
60 യൂണിറ്റുകളിലായി 1 സ്റ്റേഷൻ മാസ്റ്റർ, 2 വെഹിക്കിൾ സൂപ്പർവൈസർ, 1 സെക്യൂരിറ്റി സർജന്റ്, 9 സ്ഥിരം മെക്കാനിക്ക്, 1 ബദലി മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടർ, 9 ബദലി കണ്ടക്ടർ,1 സ്വിഫ്റ്റ് കണ്ടക്ടർ, 39 സ്ഥിരം ഡ്രൈവർ, 10 ബദലി ഡ്രൈവർ, 5 സിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ എന്നിവര്‍ ഡ്യൂട്ടിക്കു മദ്യപിച്ച് എത്തിയതായി വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
രണ്ട് വർഷത്തിനിടെ മദ്യം കടത്തിയതിന് ആറ് ജീവനക്കാരാണ് സസ്‌പെൻഷനിലായത്. കഴിഞ്ഞ വർഷം ചെങ്ങന്നൂർ ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് ബസിൽ കണ്ടക്ടറുടെ സീറ്റിനടിയിൽ നിന്ന് മാഹിയിൽ നിർമ്മിച്ച 20 ബോട്ടിൽ വിദേശമദ്യം കണ്ടെടുത്തിരുന്നു. ഡ്രൈവറും കണ്ടക്ടറും സസ്‌പെൻഷനിലായി. മൂന്നുതവണ അരി കടത്താൻ ഒത്താശ ചെയ്ത കണ്ടക്ടറും പിടിയിലായി.
തുടർന്നു കെഎസ്ആർടിസിയിലെ 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദലി ജീവനക്കാരും അടങ്ങുന്ന 26 പേരെ സർവീസിൽ നിന്നും നീക്കുകയുമായിരുന്നു. വനിതാ ജീവനക്കാർ ഒഴികെയുള്ളവരെ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കാവു എന്നാണു ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിർദേശം.