കേരളം
ചട്ടം 118 പ്രകാരം 23-12-2020 ന് നിയമസഭ പാസ്സാക്കിയ പ്രമേയം
കര്‍ഷകരുടെ പ്രതിഷേധത്തിന് അടിസ്ഥാനമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം
രാജ്യതലസ്ഥാനം കര്‍ഷകരുടെ ഐതിഹാസികമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. സമീപകാലത്തെങ്ങും ദൃശ്യമാകാത്ത വലിയ ഇച്ഛാശക്തി ഈ പ്രതിഷേധത്തിന് പിന്നിലുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കിയെടുത്ത, കോര്‍പറേറ്റ് അനുകൂല, കര്‍ഷക വിരുദ്ധ നിയമങ്ങളായ The Farmers (Empowerment and Protection) Agreement on Price Assurance and Farm Services Act 2020, Farmers Produce Trade and Commerce (Promotion and Facilitation) Act 2020, Essential Commodities (Amendment) Act, 2020 എന്നിവക്കെതിരെയാണ് കര്‍ഷകരോഷം ഇരമ്പുന്നത്. ഡല്‍ഹിയിലെ അതിശൈത്യത്തെ നേരിട്ടാണ് കര്‍ഷകര്‍ ഈ മഹാസമരത്തില്‍ അണിചേരുന്നത്. 35 ദിവസത്തെ സമരത്തിനിടയില്‍ 32 കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
കോവിഡ് വ്യാപനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യാരാജ്യം. ഈ സാഹചര്യത്തില്‍ ജനരോഷം ക്ഷണിച്ചുവരുത്തുന്ന നിയമനിര്‍മ്മാണ നടപടിയില്‍ നിന്ന് ഗവണ്‍മെന്റ് പിന്മാറേണ്ടതായിരുന്നു.
നിയമനിര്‍മ്മാണങ്ങള്‍ അത് ബാധിക്കപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയും സംശയവും ജനിപ്പിക്കുമ്പോള്‍ നിയമനിര്‍മ്മാണ സഭകള്‍ക്ക് അത് ഗൗരവമായി പരിഗണിക്കാന്‍ ബാധ്യതയുണ്ട്.
ഏറ്റവും ഒടുവില്‍ ലഭ്യമായിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ തൊഴില്‍ ശക്തിയുടെ 43.3 ശതമാനം കാര്‍ഷിക മേഖലയിലാണ് തങ്ങളുടെ അധ്വാനശേഷി വിനിയോഗിക്കുന്നത്. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം കൃഷി ഒരു ഉല്‍പ്പാദനമേഖല മാത്രമല്ല, നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ്. അതിനാല്‍തന്നെ കാര്‍ഷിക രംഗത്തെ പരിഷ്‌കരണങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം വിഭാവനം ചെയ്ത് നടപ്പാക്കേണ്ട കാര്യമാണ്. ഇക്കാര്യത്തില്‍ കേരളത്തിന് വിപുലമായ അനുഭവസമ്പത്തുണ്ട്. ഭൂപരിഷ്‌കരണ നിയമം വിജയകരമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. മാത്രമല്ല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ കാര്‍ഷികരംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള മികച്ച ഇടപെടലുകളും കേരളം നടത്തിയിട്ടുണ്ട്.
രാജ്യത്ത് 1960 കളില്‍ നടപ്പായ ഹരിതവിപ്ലവത്തിനുശേഷം ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മിനിമം വില ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കി. എന്നാല്‍ ചുരുക്കം ചില ഉല്‍പന്നങ്ങള്‍ക്ക് മാത്രമേ താങ്ങുവില ലഭ്യമാകുന്നുള്ളൂ. രാജ്യത്തെ പല ഭാഗങ്ങളിലും കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചയും കര്‍ഷക ആത്മഹത്യകളും വലിയ സാമൂഹിക പ്രശ്‌നങ്ങളായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ച് കര്‍ഷകര്‍ക്ക് കാര്‍ഷികവൃത്തി ലാഭകരമായി നടത്താന്‍ സഹായകമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.
കാര്‍ഷികമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് കാര്‍ഷികരംഗത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പുതിയ മൂന്ന് നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കിയിട്ടുള്ളത്. ഇതിനെ തുടര്‍ന്ന് ഭക്ഷ്യധാന്യങ്ങള്‍ക്ക് നിലവിലുള്ള താങ്ങുവില പോലും നഷ്ടപ്പെടുമോ എന്ന ഭയാശങ്കയാണ് കര്‍ഷകരെ അലട്ടുന്നത്.
കര്‍ഷകരുടെ വിലപേശല്‍ശേഷി മിക്കപ്പോഴും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ശക്തിക്കു മുന്നില്‍ വളരെ ദുര്‍ബലമാകും എന്നതാണ് ഇതില്‍ ഉയരുന്ന ഗൗരവതരമായ പ്രശ്‌നം. കര്‍ഷകര്‍ക്ക് നിയമപരിരക്ഷ ലഭിക്കാനുള്ള വ്യവസ്ഥകള്‍ നിയമത്തിലില്ല. അത് മാത്രവുമല്ല, കോര്‍പറേറ്റുകളുമായി ഇതിനുവേണ്ടി നിയമയുദ്ധം നടത്താനുള്ള ശേഷിയും കര്‍ഷകര്‍ക്കില്ല.
കാര്‍ഷിക ഉല്‍പന്നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്ത് സംഭരിച്ച് ന്യായവിലയ്ക്ക് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന സംവിധാനമാണ് നിലനില്‍ക്കേണ്ടത്. അതിനു പകരം കാര്‍ഷികോല്‍പന്നങ്ങളുടെ വ്യാപാരമാകെ കോര്‍പറേറ്റുകള്‍ക്ക് കൈവശപ്പെടുത്താന്‍ അവസരം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞുപോകുകയും ചെയ്യുന്നു.
ഈ സമരത്തിന്റെ പ്രധാന കാരണം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉണ്ടാകാനിടയുള്ള വിലത്തകര്‍ച്ചയാണ് എന്നത് വ്യക്തമാണ്. കോവിഡ്-19 മഹാമാരി നിലനില്‍ക്കുന്ന 2020-21 സാമ്പത്തിക വര്‍ഷത്തിലെ നെല്ലിന്റേയും ഗോതമ്പിന്റേയും താങ്ങുവില കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2.9 ഉം 2.6 ഉം ശതമാനമാണ് വര്‍ദ്ധിച്ചത്. ഇത് പണപ്പെരുപ്പ നിരക്കിനേക്കാള്‍ കുറഞ്ഞതായിരിക്കെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ന്യായവിലയെപ്പറ്റി കര്‍ഷകര്‍ക്കിടയിലുണ്ടായിരിക്കുന്ന വിശ്വാസത്തകര്‍ച്ചക്ക് അടിസ്ഥാനമുണ്ടെന്ന് കാണാന്‍ കഴിയും.
ഇതോടൊപ്പം തന്നെ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന പ്രശ്‌നമാണ് ഭക്ഷ്യസുരക്ഷ. സംഭരണത്തില്‍ നിന്നും വിതരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്ന അവസ്ഥയുണ്ടാകുമ്പോള്‍ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും വര്‍ധിക്കുകയും ഭക്ഷ്യ വിതരണവുംഅതുവഴി ഭക്ഷ്യസുരക്ഷയും അപകടത്തിലാവുകയും ചെയ്യും.
അവശ്യസാധന നിയമത്തിലെ വ്യവസ്ഥയില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍, പയറു വര്‍ഗങ്ങള്‍ എന്നിവയടക്കമുള്ള അവശ്യസാധനങ്ങള്‍ ഒഴിവാക്കിയത് സ്ഥിതി കൂടുതല്‍ വഷളാക്കും.
പ്രമേയത്തിന്റെ അടിയന്തിര സ്വഭാവം കണക്കിലെടുത്താല്‍ ഒരു കാര്യം വ്യക്തമാണ്. ഈ പ്രക്ഷോഭം തുടര്‍ന്നാല്‍ അത് കേരളത്തെ സാരമായി ബാധിക്കും. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തി ലേക്കുള്ള ഭക്ഷ്യ വസ്തുക്കളുടെ വരവ് നിലച്ചാല്‍ കേരളം പട്ടിണിയിലേക്ക് വഴുതി വീഴും. പ്രത്യേകിച്ച് ഈ കോവിഡ് വ്യാപന ഘട്ടത്തില്‍ അത്തരം ഒരു സ്ഥിതി സൃഷ്ടിക്കുന്ന പ്രത്യാഘാതം കേരളത്തിന് താങ്ങാനാവില്ല.
ഇതിനെല്ലാം ഉപരി, കൃഷി ഭരണഘടനയുടെ ഷെഡ്യൂള്‍ 7 ലെ ഇനം 14 ലും Market and Fares ഇനം 28 ലും ഉള്‍പ്പെടുന്ന സംസ്ഥാന വിഷയങ്ങളാണ്. സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നമെന്ന നിലയില്‍ ഇത്തരം വിഷയങ്ങളില്‍ അന്തര്‍സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചുകൂട്ടി വിശദമായ കൂടിയാലോചനകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നു. പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കു പോലും സുപ്രധാനമായ ഈ നിയമങ്ങള്‍ വന്നില്ല എന്നത് ഗൗരവമായ പ്രശ്‌നമാണ്.
മേല്‍ പ്രതിപാദിച്ച വസ്തുതകള്‍ കണക്കിലെടുത്ത്, രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഈ മൂന്ന് വിവാദ നിയമങ്ങളും റദ്ദാക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള നിയമസഭ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.