കേരളം
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ; തിരഞ്ഞെടുക്കാൻ അധികചോദ്യങ്ങൾ
എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾക്ക് ഇത്തവണ തിരഞ്ഞെടുക്കാൻ അധികചോദ്യങ്ങൾ അനുവദിക്കും. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ചോദ്യങ്ങൾ തിരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരമൊരുക്കുന്ന വിധമാണിത്.
ചോദ്യങ്ങളുടെ എണ്ണംകൂടും. ചോദ്യങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് പരീക്ഷയുടെ ആരംഭത്തിലുള്ള സമാശ്വാസ സമയം (കൂൾ ഓഫ് ടൈം) വർധിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനായി മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി പരീക്ഷ അഞ്ച് മിനിറ്റ് നേരേത്ത ആരംഭിക്കും. എസ്.എസ്.എൽ.സി പരീക്ഷ 1.45ന് തുടങ്ങിയിരുന്നത് ഈ വർഷം 1.40ന് ആയിരിക്കും. വർധിപ്പിച്ച അഞ്ച് മിനിറ്റ് കൂടി ഉൾപ്പെടുത്തി 15 മിനിറ്റിന് പകരം 20 മിനിറ്റായിരിക്കും സമാശ്വാസസമയം. പ്ലസ് ടു പരീക്ഷയും 9.45ന് പകരം 9.40ന് തുടങ്ങും.
Also read: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും
തെരഞ്ഞെടുത്ത് ഉത്തരം എഴുതാനുള്ള ചോദ്യങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നതോടെ ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ചോദ്യേപപ്പറുകളുടെ വലുപ്പം കൂടും. നിലവിൽ ഇംഗ്ലീഷ് ഉൾപ്പെടെ ഭാഷാവിഷയങ്ങൾക്ക് നാല് ഷീറ്റിൽ എട്ട് പുറം വരെ ഉള്ള ചോദ്യേപപ്പറുകളാണുള്ളത്. ഇത്തവണ അതിൽ ഒതുക്കാനാകില്ല. ആകെ ഉത്തരം എഴുതേണ്ട ചോദ്യങ്ങൾക്ക് ഇരട്ടി ചോദ്യങ്ങൾ ഉൾപ്പെടുത്താനാണ് എസ്.സി.ഇ.ആർ.ടിയും കരിക്കുലം സബ്കമ്മിറ്റിയും ശിപാർശ ചെയ്തത്. അഞ്ച് ചോദ്യത്തിന് ഉത്തരമെഴുതണമെങ്കിൽ 10 ചോദ്യങ്ങൾ നൽകും. ഇതിൽ പകുതിയും പരീക്ഷക്ക് ഉൗന്നൽ നൽകുന്ന 40 ശതമാനം പാഠഭാഗങ്ങളിൽ നിന്നായിരിക്കും.
മാതൃകാചോദ്യങ്ങൾ തയ്യാറാക്കി വിദ്യാഭ്യാസവകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കും. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കു നൽകേണ്ട പ്രത്യേക പിന്തുണയെക്കുറിച്ച് പിന്നീട് മാർഗനിർദേശങ്ങൾ നൽകും. കോവിഡ് കാലത്തെ സ്കൂൾപ്രവർത്തനത്തെക്കുറിച്ചും പരീക്ഷയെക്കുറിച്ചും രക്ഷിതാക്കൾക്കു ധാരണയുണ്ടാക്കാൻ ക്ലാസ് അടിസ്ഥാനത്തിൽ രക്ഷിതാക്കളുടെ യോഗം വിളിക്കും.
പരീക്ഷയിൽ ഊന്നൽ നൽകേണ്ട പാഠഭാഗങ്ങൾ തീരുമാനിക്കാനുള്ള വിഷയാടിസ്ഥാനത്തിലുള്ള ശിൽപശാല 28, 29 തീയതികളിൽ എസ്.സി.ഇ.ആർ.ടിയിൽ നടക്കും. മാതൃകാ ചോദ്യപേപ്പറും ശിൽപശാലയിൽ തയാറാക്കും. 30നകം ഇതിന് അന്തിമരൂപം നൽകി ഉൗന്നൽ നൽകുന്ന പാഠഭാഗങ്ങളുടെ വിവരം 31ന് പ്രസിദ്ധീകരിക്കും.
എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രായോഗികപരീക്ഷകൾ എഴുത്തുപരീക്ഷയ്ക്കുശേഷം നടക്കും. എഴുത്തുപരീക്ഷയ്ക്കുശേഷം തയ്യാറെടുപ്പിനായി ഒരാഴ്ച സമയം അനുവദിക്കും.
ഫലത്തിൽ ഇത്തവണത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു ചോദ്യേപപ്പറുകൾ ബുക്ക്ലെറ്റിന് സമാനമായിരിക്കും എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.